India - 2025
മദ്യനയത്തെ സര്‍ക്കാര്‍ ദുര്‍ബലമാക്കരുത്: കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 11-03-2017 - Saturday
കൊച്ചി: സംസ്ഥാനത്തു നിലവിലുള്ള മദ്യനയത്തെ സർക്കാർ ദുർബലമാക്കരുതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മദ്യനയ അട്ടിമറിനീക്കത്തിനെതിരേ കെസിബിസി മദ്യവിരുദ്ധസമിതി പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ച ഏകദിന കൂട്ട ഉപവാസ സമരത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
"കുടുംബസംസ്കാരത്തെയും ധാർമികമൂല്യങ്ങളെയും മദ്യം ഇല്ലാതാക്കും. ശരീരത്തിനും മനസിനും രോഗകാരണമായ മദ്യത്തെ ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിക്കണം. മദ്യനയത്തിൽ സർക്കാർ വെള്ളം ചേർക്കരുത്. ജനമനഃസാക്ഷിയെ തട്ടിയുണർത്താനാണു മദ്യവിരുദ്ധസമിതിയുടെ ഉപവാസ സമരം. മദ്യവിരുദ്ധ പോരാട്ടത്തോടൊപ്പം സഭ എന്നുമുണ്ടാകും. സഭയുടെ പ്രവാചക ദൗത്യമാണിത്". മേജർ ആർച്ച്ബിഷപ് പറഞ്ഞു.
മദ്യനയത്തിന്റെ കാര്യത്തിൽ ടൂറിസ്റ്റുകളോടല്ല, കേരളത്തിലെ ജനങ്ങളോടാണു സംസ്ഥാന സർക്കാരിനു പ്രതിബദ്ധത വേണ്ടതെന്നു കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു. മദ്യപിക്കാൻ വിനോദസഞ്ചാരികൾ കേരളത്തിലേക്കു വരേണ്ടതില്ല. ടൂറിസത്തിന്റെ പേരിൽ ഫോർസ്റ്റാർ മദ്യശാലകൾ തുറക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും.
"എല്ലാ വീടുകളിലും ലഹരിവിരുദ്ധ സ്റ്റിക്കറും ഒപ്പം കുപ്പിയും എന്നതാണു സർക്കാരിന്റെ മദ്യനയം. മദ്യലഭ്യത കുറയ്ക്കാൻ താത്പര്യമില്ലാത്തവരുടെ നയമാണു മദ്യവർജനം. മദ്യനയത്തിന്റെ കാര്യത്തിൽ സാന്പത്തിക ഗൂഢാലോചനയും അഴിമതിയുമുണ്ട്. മദ്യമുതലാളിമാർക്കുവേണ്ടിയാണു നയം അട്ടിമറിക്കുന്നത്. അടച്ചുപൂട്ടിയ ബാറുകൾ ഒരു കാരണവശാലും തുറക്കാൻ അനുവദിക്കില്ല. ജനവികാരം മദ്യത്തിനെതിരാണെന്നതു സർക്കാർ കാണാതെ പോകരുത്". ബിഷപ്പ് പറഞ്ഞു.