India - 2025
കെസിബിസി പ്രോ ലൈഫ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍ 10-03-2017 - Friday
കൊച്ചി: ജീവന്റെ മഹത്വത്തെ ഉയര്‍ത്തി കാണിച്ചുള്ള മാധ്യമ ഫീച്ചറുകൾക്കുള്ള കെസിബിസി പ്രോലൈഫ് സമിതിയുടെ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദീപിക കൊച്ചി യൂണിറ്റിലെ സബ് എഡിറ്റർ സിജോ പൈനാടത്ത്, മാതൃഭൂമി കൊച്ചി യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ ജിജോ സിറിയക്, മലയാള മനോരമ വള്ളിക്കുന്നം ലേഖകൻ ഡി. ശ്രീജിത്ത് എന്നിവർക്കാണു പുരസ്കാരം.
നാളെ പാലാരിവട്ടം പിഒസിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം കൈമാറും. 5001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. 2016 ഡിസംബർ നാലിനു സണ്‍ഡേ ദീപികയിൽ പ്രസിദ്ധീകരിച്ച ജിലു ആത്മവിശ്വാസത്തിന്റെ കൈക്കരുത്ത് എന്ന ഫീച്ചറാണു സിജോ പൈനാടത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
അരലക്ഷത്തോളം പ്രസവങ്ങൾക്കു സാക്ഷ്യം വഹിച്ച കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിസ്റ്റർ ഡോ. മേരി മാർസലസിനെക്കുറിച്ചു മാതൃഭൂമി വാരാന്ത്യപതിപ്പിൽ പ്രസിദ്ധീകരിച്ച ആയിരമായിരം തിരുപ്പിറവികൾ എന്ന ഫീച്ചറാണു ജിജോ സിറിയക്കിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സർക്കാർ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ എടുത്തു വളർത്തി മാതൃകയായ മാവേലിക്കര സ്വദേശി ഇന്ദിര സേതുനാഥക്കുറുപ്പിനെക്കുറിച്ചുള്ള ഫീച്ചറിനാണു ഡി. ശ്രീജിത്തിനു പുരസ്കാരം.
ശമരിയായൻ എന്ന പരിപാടിയിലൂടെ രോഗികൾക്കു ചികിത്സാസഹായം സമാഹരിച്ചു നൽകിയ ഗുഡ് ന്യൂസ് ടിവി ക്കു മദർ തെരേസ അവാർഡും ഇന്ദിര സേതുനാഥക്കുറുപ്പിനു സെന്റ് അൽഫോൻസ എഫ്സിസി പ്രോലൈഫ് അവാർഡും ജിലുമോൾ മരിയറ്റ് തോമസിനു വിശുദ്ധ ഫ്രാൻസിസ് അസീസി പുരസ്കാരവും നൽകുമെന്നു ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി അറിയിച്ചു.