India - 2025
സഭയ്ക്കെതിരെയുള്ള സംഘടിത നീക്കങ്ങളെ തിരിച്ചറിയണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
സ്വന്തം ലേഖകന്‍ 11-03-2017 - Saturday
പാലയൂർ: സഭ ചെയ്യുന്ന നന്മകളെ പൂർണമായും തമസ്കരിച്ച് ഒറ്റപ്പെട്ട തിന്മകളെ പർവതീകരിച്ചു സോഷ്യൽ മീഡിയകളിലും, ചില മാധ്യമങ്ങളും വ്യാപകമായി നടപ്പാക്കുന്ന ദുഷ് പ്രചരണങ്ങളെ വിശ്വാസികൾ തിരിച്ചറിയണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. പാലയൂർ കണ്‍വൻഷനിൽ ദിവ്യബലിക്കിടയിൽ സന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
"ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോമിന്റെ സേവനവും യമനിൽ കൊല്ലപ്പെട്ട നാലു കന്യാസ്ത്രീകളുടെയും മദർ തെരേസയുടെയും സേവനവും ഇവർ കാണുന്നില്ല. സഭ ചെയ്യുന്ന നിരവധിയായ നന്മകൾ കാണാതെ ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി വൈദികരും കന്യാസ്ത്രീകളും യൂദാസുമാരാണെന്നു ചിത്രീകരിക്കാനുള്ള ശ്രമം വേദനിപ്പിക്കുന്നതാണ്".
"വിവിധ മേഖലകളിലായി കോടിക്കണക്കിനു രൂപയുടെ സേവനം സഭ ചെയ്യുന്നുണ്ട്. അതു കാണാൻ സോഷ്യൽ മീഡിയയ്ക്കു കണ്ണില്ല. ഇത്തരത്തിലുള്ളതു തിരിച്ചറിയാൻ വിശ്വാസികൾക്ക് ഉൾകാഴ്ച വേണം. ആത്മാവിനാൽ നിറഞ്ഞ് ആത്മാവിനാൽ നയിക്കപ്പെടണം. കണ്‍വൻഷനിലൂടെ നൽകപ്പെടുന്ന വചനമായിരിക്കണം നമ്മുടെ ഭക്ഷണം". ബിഷപ്പ് പറഞ്ഞു.
അതിരൂപത കരിസ്മാറ്റിക് ഡയറക്ടർ ഫാ. സജി ഇമ്മട്ടി അധ്യക്ഷനായിരുന്നു. തീർഥാടനം ജനറൽ കണ്‍വീനർ ഫാ. ജോയ്സൻ കോരേത്ത്, കണ്വൻഷൻ ചെയർമാൻ ഫാ. ജോസ് പുലിക്കോട്ടിൽ, വൈസ് ചെയർമാൻ പി.ഐ. ലാസർ മാസ്റ്റർ, കണ്‍വീനർ ഇ.എഫ്. ആന്റണി എന്നിവർ പ്രസംഗിച്ചു.
തീർഥകേന്ദ്രം റെക്ടർ ഫാ. ജോസ് പുന്നോലിപ്പറമ്പിൽ ബൈബിൾ പ്രതിഷ്ഠയ്ക്കു നേതൃത്വം നൽകി. തുടർന്നു നടന്ന ദിവ്യബലിയിൽ ബിഷപ് മുഖ്യകാർമികനായിരുന്നു. വചനപ്രഘോഷണത്തിന് കാഞ്ഞിരപ്പിള്ളി എരുമേലി കിംഗ് ജീസസ് മിനിസ്ട്രി ഡയറക്ടർ ബ്രദർ സാബു ആറുതൊട്ടിയില്‍ നേതൃത്വം നല്കി.