Faith And Reason - 2025

യേശു നാമം- സാത്താനെതിരെയുള്ള ശക്തമായ ആയുധം

സ്വന്തം ലേഖകന്‍ 05-12-2015 - Saturday

സാത്താന്‍റെ മേലുള്ള ക്രിസ്തുവിന്‍റെ വിജയം

മാലാഖാമാരില്‍ ഏറ്റം തേജസ്സുള്ളവനായിരുന്നു സാത്താന്‍. അവന്‍ പിശാചുക്കളില്‍ ഏറ്റവും നന്മ നിറഞ്ഞവനും അവരുടെ നേതാവുമായി മാറി. മാലാഖയായിരുന്നപ്പോള്‍ അവര്‍ക്കു നല്‍കപ്പെട്ടിരുന്ന ശ്രേഷ്ടമായ ശ്രേണി ഇപ്പോഴും അവര്‍ക്കുണ്ട് എന്നത് നാം അറിയാതെ പോകുന്ന വലിയ ഒരു യഥാർദ്യമാണ് ; അതായത് സിംഹാസനങ്ങള്‍, ആധിപത്യങ്ങള്‍, ശക്തികള്‍, അധികാരങ്ങള്‍ എന്നിവ ഇവരിലും നിഷ്പിതമാണ്(കൊളോ : 1:16). പക്ഷേ, മിഖായേല്‍ മാലാഖ തലവനായുള്ള മാലാഖമാര്‍ സ്നേഹത്തിന്‍റെ ശ്രേണിയിലാണ് ബന്ധിതമായിരിക്കുന്നതെങ്കില്‍, പിശാചുക്കള്‍ അടിമത്വത്തിന്‍റെ ഭരണത്തിന്‍ കീഴിലാണ് ജീവിക്കുന്നത്.

യേശു സാത്താനെ "ഈ ലോകത്തിന്‍റെ അധികാരി" എന്നാണ് വിളിക്കുന്നത്.(യോഹ: 12:31, 14:30, 16:11). വിശുദ്ധ യോഹന്നാന്‍ പറയുന്നു. "ലോകം മുഴുവന്‍ ദുഷ്ടന്‍റെ ശക്തിവലയത്തിലാണ്" (1 യോഹ: 5:19). "ലോകം" എന്നതുകൊണ്ട് യോഹന്നാന്‍ ദൈവത്തിനെതിരായി നില്‍ക്കുന്ന സകലതിനെയുമാണ് അര്‍ത്ഥമാക്കുന്നത്.

സാത്താന്‍റെ ഭരണത്തെ തകര്‍ത്ത് ദൈവരാജ്യം സ്ഥാപിച്ച ക്രിസ്തുവിന്‍റെ പ്രവൃത്തിയെക്കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ടാണ് യേശു പിശാച് ബാധിതരെ സ്വതന്ത്രരാക്കിയ സംഭവങ്ങള്‍ ഏറെ പ്രസക്തിയുള്ളതാകുന്നത്.

ക്രിസ്തുവിനെക്കുറിച്ച് പത്രോസ് കൊര്‍ണേലിയൂസിനെ പഠിപ്പിക്കുമ്പോൾ , അവന്‍ "പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചതൊഴികെ" (അപ്പ.പ്ര. 10:38) മറ്റൊരത്ഭുതത്തെക്കുറിച്ചും അദേഹം സൂചിപ്പിക്കുന്നില്ല. അങ്ങനെ യേശു അപ്പസ്തോലന്മാര്‍ക്ക് നല്‍കിയ ആദ്യത്തെ അധികാരം പിശാചുക്കളെ ബഹിഷ്ക്കരിക്കാനുള്ളതായിരുന്നു (മത്തായി 10:1).

സകല വിശ്വാസികളെക്കുറിച്ചും ഈ പ്രസ്താവന തന്നെ നമുക്ക് നടത്താവുന്നതാണ്. "വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും." (മര്‍ക്കോ : 16: 17) അപ്രകാരം നമ്മുടെ പൂര്‍വപിതാക്കളും ചുരുക്കം മാലാഖമാരുടെ വിപ്ലവവും നശിപ്പിച്ച ദൈവിക പദ്ധതിയെ യേശു പുനരുദ്ധരിക്കുകയും സൗഖ്യം നല്‍കുകയും ചെയ്യുന്നു. തിന്മയും, പീഡനവും, മരണവും, നരകവും (അതായത് നിത്യനാശവും നിത്യപീഡയും) ദൈവത്തിന്‍റെ പ്രവുത്തികളല്ല. ഈ ആശയം ഞാന്‍ കൂടുതല്‍ വ്യക്തമാക്കട്ടെ.

ഒരു ദിവസം ഫാദര്‍ കാന്‍ഡിഡോ പിശാചിനെ ബഹിഷ്ക്കരിക്കുകയായിരുന്നു. ഭൂതോച്ചാടനത്തിന്‍റെ അവസാനം അദ്ദേഹം ദുരാത്മാവിനെതിരെ തിരിഞ്ഞ് പരിഹാസരൂപേണ ഇപ്രകാരം പറഞ്ഞു: "ഇവിടെ നിന്നു പുറത്തു പോകൂ. കര്‍ത്താവു നിനക്കു വളരെ മനോഹരമായ ചൂടുള്ള ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്!" ഇതു കേട്ടപ്പോള്‍ പിശാച് പറഞ്ഞു: "നിനക്കൊന്നും അറിയില്ല! അവനല്ല (ദൈവം) നരകം ഉണ്ടാക്കിയത്, ഞങ്ങള്‍ തന്നെയാണ്. അവന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല".

സമാനമായ മറ്റൊരവസരത്തില്‍ ഒരു പിശാചിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ അവന്‍ നരകം ഉണ്ടാക്കുന്നതില്‍ സഹകരിച്ചോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് ലഭിച്ചത് ഞങ്ങളെല്ലാവരും സഹകരിച്ചു" എന്ന ഉത്തരമാണ്." യേശുനാമത്തിന്‍റെ അത്ഭുതകരമായ ശക്തി സൃഷ്ടിയെക്കുറിച്ചുള്ള പദ്ധതിയില്‍ ക്രിസ്തുവിന്‍റെ പ്രഥമസ്ഥാനവും രക്ഷാകരപ്രവൃത്തിയിലൂടെയുള്ള അതിന്‍റെ പുനരുദ്ധാരണവും ദൈവികപദ്ധതിയെക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് അടിസ്ഥാനമാണ്.

മാലാഖമാര്‍ക്കും മനുഷ്യര്‍ക്കും പരിപൂർണമായ സ്വാതന്ത്രമാണ് ലഭിച്ചത്. ആരൊക്കെ രക്ഷപെടുമെന്നും നശിച്ചുപോകുമെന്നും ദൈവം നേരത്തെ അറിഞ്ഞിരുന്നു എന്ന്‍ പറയുമ്പോൾ , ഞാന്‍ സാധാരണ ഉത്തരം നല്‍കാറുള്ളത് ബൈബിള്‍ നമുക്കു നല്‍കുന്ന നാലു സത്യങ്ങളിലൂടെയാണ്; എല്ലാ മനുഷ്യരും രക്ഷപെടണമെന്ന്‍ ദൈവം ആഗ്രഹിക്കുന്നു, ആരും നരകത്തില്‍ പോകാന്‍ മുന്‍കൂട്ടി വിധിക്കപ്പെട്ടിട്ടില്ല, യേശു സകലര്‍ക്കും വേണ്ടിയാണ് മരിച്ചത്, എല്ലാവരുടെയും രക്ഷയ്ക്ക് മതിയായ കൃപകള്‍ എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ പ്രഥമസ്ഥാനം നമ്മോടു പറഞ്ഞു തരുന്നത് അവിടുത്തെ നാമത്തിലൂടെ മാത്രമേ രക്ഷ പ്രാപിക്കാന്‍ സാധിക്കൂ എന്നാണ്. നമ്മുടെ നിത്യരക്ഷയുടെ ശത്രുവായ സാത്താനെ തോല്പിക്കാനും നമ്മെത്തന്നെ സ്വതന്ത്രരാക്കാനും അവിടുത്തെ നാമത്തിലൂടെ മാത്രമേ നമുക്ക് കഴിയുകയുള്ളൂ.

ഏറ്റവും വിഷമമേറിയ ചില ഭൂതോച്ചാടന ശുശ്രൂഷകളുടെ അവസാനം, ശക്തമായ പൈശാചിക ബാധയെ ഞാന്‍ നേരിടുമ്പോള്‍ പൗലോസ്ശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലെ "ക്രൈസ്തവഗീതം" (2:6-11 തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു) ഞാന്‍ ഉരുവിടാറുണ്ട്. അവിടെ യേശുവിന്‍റെ നാമത്തിനു മുന്‍പില്‍ "സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലതും മുട്ടുകള്‍ മടക്കുകയും എന്ന ഭാഗം ചൊല്ലുമ്പോള്‍ ഞാന്‍ മുട്ടിന്മേല്‍ നില്‍ക്കും. കൂടെയുള്ള എല്ലാവരും അപ്രകാരം ചെയ്യും. എല്ലായ്പോഴും പിശാചുക്കള്‍ ആവസിച്ച വ്യക്തിയും അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. ഇതു വളരെ ഹൃദയ സ്പര്‍ശിയും ശക്തവുമായ നിമിഷമാണ്. യേശുവിന്‍റെ നാമത്തിനു മുന്‍പില്‍ മുട്ടുകള്‍ മടക്കി മാലാഖമാരുടെ സകലവൃന്ദവും ഞങ്ങളെ ചുറ്റി നില്‍ക്കുന്നത് ആ സമയത്ത് ഞാന്‍ അനുഭവിക്കാറുണ്ട്.


Related Articles »