India - 2025
ബൈബിള്‍ പകര്‍ത്തിയെഴുതിയവരുടെ സംഗമം നടന്നു
സ്വന്തം ലേഖകന്‍ 29-04-2017 - Saturday
കൊച്ചി: ഫിയാത്ത് മിഷന്റെ നേതൃത്വത്തില്‍ അങ്കമാലി കറുകുറ്റി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍നടക്കുന്ന മിഷന് കോണ്‍ഗ്രസില്‍ വിശുദ്ധഗ്രന്ഥം വിവിധ ഭാഷകളില്‍ പകര്ത്തിയെഴുത്തിയവരുടെ സംഗമം നടന്നു. വിവിധ ഭാഷകളിലേക്കു ബൈബിള്‍ പകര്‍ത്തിയെഴുതുന്ന മത്സരത്തില്‍ (സ്ക്രിപ്തുറ) പങ്കെടുത്തവരാണു പരിപാടിയില്‍ ഒത്തുകൂടിയത്. സ്നേഹസംഗമം എന്നു പേരിട്ട കൂട്ടായ്മ സാഗര്‍ ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് ഉദ്ഘാടനം ചെയ്തു. അന്യഭാഷകളില്‍ ബൈബിള്‍ പകര്‍ത്തിയെഴുതിയവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
ജൊവായ് ബിഷപ് ഡോ. വിക്ടര്‍ ലിംഗ്ദോ, ഇറ്റാനഗര്‍ ബിഷപ് ഡോ. ജോണ്‍ തോമസ് കട്രുകുടിയില്‍, സീറോ മലബാര്‍ മൈഗ്രന്റ്സ് കമ്മീഷന് സെക്രട്ടറി റവ. ഡോ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, മിഷന് കോണ്‍ഗ്രസ് കോ ഓര്‍ഡിനേറ്റര്‍ ജോസ് ഓലിക്കന്‍, സ്ക്രിപ്തുറ കോ ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ അതിരൂപത സഹാമെത്രാന് മാര്‍ റാഫേല്‍ തട്ടില്‍ ഇന്നലെ മിഷന് കോണ്‍ഗ്രസില്‍ പങ്കെടുത്തു സന്ദേശം നല്കി. ഇന്ന് വൈകീട്ട് ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനാ സംഗീത നിശ-പളുങ്കുകടല്‍ നടക്കും.