India - 2025
മാർ ക്രിസോസ്റ്റം നൂറാം വയസ്സിലും ചിന്തയില്‍ യുവത്വം കാത്തുസൂക്ഷിക്കുന്ന അസാധാരണ വ്യക്തിത്വം: എൽ.കെ അദ്വാനി
സ്വന്തം ലേഖകന്‍ 28-04-2017 - Friday
തിരുവല്ല: നൂറാം വയസിലും ചിന്തയിൽ യുവത്വം കാത്തുസൂക്ഷിക്കുന്ന അസാധാരണ വ്യക്തിത്വമാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റമെന്ന് മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി. മാര്‍ തോമ സഭയുടെ വലിയ മെത്രാപ്പൊലീത്തയുടെ ജന്മശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നർമത്തിലൂടെ ഏതു സങ്കീർണ സാഹചര്യത്തെയും അദ്ദേഹം മറികടക്കുന്നു. അതേസമയം മതത്തോടു തികഞ്ഞ പ്രതിബദ്ധതയുമുണ്ട്.
എപ്പോഴും പ്രസന്നതയുള്ള വലിയ മെത്രാപ്പൊലീത്ത ആദർശവാദിയാണ്, കഴിവുറ്റ ഭരണാധികാരിയാണ്, യുവജനങ്ങളുമായി പോലും നന്നായി ഇടപഴകുന്നയാളാണ്. ഈ ചടങ്ങിലേക്കുള്ള എന്റെ വരവ് ഒരു വാക്കുപാലിക്കലാണ്. അദ്ദേഹത്തിന്റെ 90–ാം പിറന്നാളിനു വന്നിരുന്നു. നൂറാം പിറന്നാളിനും വരുമെന്ന് അന്നേ പറഞ്ഞിരുന്നു.
അടിയുറച്ച ഭാരതീയ സംസ്കാരം പിന്തുടരുന്ന മാർത്തോമ്മാ സഭയുടെ വലിയ ഇടയൻ അനുകരിക്കാൻ കഴിയുന്ന വ്യക്തിത്വമാണ്. മാർ ക്രിസോസ്റ്റമിന്റെ ചിന്തകൾക്കും ശൈലിക്കും സമാനതകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലളിതമായും സരസമായും സംവദിക്കാൻ അദ്ദേഹത്തിന് ഈശ്വരൻ നൽകിയ കഴിവ് സമൂഹത്തിനു ചാലകശക്തിയായി.
സമൂഹത്തെ നമ്മൾ എപ്പോഴും നന്നായി ശ്രദ്ധിക്കണം. സമൂഹത്തിനായി എന്തു ചെയ്യാമെന്നു ചിന്തിക്കണം. അതിൽ ഒരു വിഭാഗത്തെയും വിട്ടുപോകരുത്. മത, ജാതി, സ്ത്രീ, പുരുഷ വിവേചനങ്ങൾ പാടില്ല. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ പ്രവർത്തിച്ച തങ്ങളെപ്പോലുള്ളവരെ പിന്തുണച്ച സഭയാണ് മാർത്തോമ്മാ സഭ. രാജ്യത്തിന്റെ ചരിത്രത്തിൽ അത് അനന്യമാണ്. അദ്വാനി പറഞ്ഞു.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, തമിഴ്നാട് ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി, മാർത്തോമ്മാ സഭാ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്, വൈദിക ട്രസ്റ്റി റവ. ലാൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. അൽമായ ട്രസ്റ്റി പ്രകാശ് പി.തോമസ് ജന്മശതാബ്ദി പദ്ധതി അവതരിപ്പിച്ചു. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അഞ്ജലി ആനന്ദ് സ്പെഷൽ പോസ്റ്റൽ കവർ പ്രകാശനം ചെയ്തു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ജന്മദിന കേക്ക് മുറിച്ചു.