India - 2025
സാമൂഹ്യവിഷയങ്ങളില്‍ പഠനവും പ്രതികരണവും പ്രോത്സാഹിപ്പിക്കണം: മാര്‍ ചക്യത്ത്
സ്വന്തം ലേഖകന്‍ 24-04-2017 - Monday
കൊച്ചി: സാമൂഹ്യ, സാംസ്‌കാരിക വിഷയങ്ങളില്‍ കൂടുതല്‍ പഠനവും ക്രിയാത്മകമായ പ്രതികരണവും ഉണ്ടാകാന്‍ സഭ ശ്രദ്ധിക്കണമെന്നു ബിഷപ് മാര്‍ തോമസ് ചക്യത്ത് അഭിപ്രായപ്പെട്ടു. സത്യദീപം വാരികയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു കേരളത്തിലെ കത്തോലിക്കാ വാരികകളുടെയും പാരിഷ് ബുള്ളറ്റിനുകളുടെയും എഡിറ്റര്‍മാര്‍ക്കായി കലൂര്‍ റിന്യുവല്‍ സെന്ററില്‍ നടത്തിയ സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹവും മാധ്യമങ്ങളും അതീവഗൗരവത്തോടെയാണു സഭയുടെ പ്രവര്‍ത്തനങ്ങളെ അനുദിനം നിരീക്ഷിക്കുന്നത്. ചിന്തകള്‍ വിശാലമാക്കാനും ദര്‍ശനങ്ങളില്‍ കാലഘട്ടത്തിനൊത്ത മാറ്റങ്ങള്‍ക്കും നാം ശ്രദ്ധ നല്‍കേണ്ടതുണ്ട്. സാഹിത്യരംഗത്തും എഴുത്തിലും മികവു പുലര്‍ത്തുന്നവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കണമെന്നും മാര്‍ ചക്യത്ത് പറഞ്ഞു.
സാംസ്‌കാരികവും സാമൂഹികവുമായ കേരളസഭയുടെ ഭാവി എന്ന പ്രമേയത്തെ ആധാരമാക്കിയായിരുന്നു സിമ്പോസിയം. നാളത്തെ സഭ - കണക്കുകളുടെ പ്രവചനം, ക്രിസ്തുവിശ്വാസത്തിന്റെ ഭാവിമുഖങ്ങള്‍, വ്യവസ്ഥാപിത സഭയുടെ രൂപാന്തരീകരണങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഫാ. ബിനോയ് പിച്ചളക്കാട്ട്, സൂര്യാ കൃഷ്ണമൂര്‍ത്തി, ജോണി ലൂക്കോസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി.
നാളെയുടെ സഭ അടര്‍ന്നു പോകുന്നതും വിടര്‍ന്നു വരേണ്ടതും എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഫാ. ബോബി ജോസ് കട്ടിക്കാട്, പ്രഫ. ഡേവിസ് പാലാ, എം.വി ബെന്നി എന്നിവര്‍ പങ്കെടുത്തു. പ്രഫ. കൊച്ചുറാണി ജോസഫ് മോഡറേറ്ററായിരുന്നു. ലൈറ്റ് ഓഫ് ട്രൂത്ത് ചീഫ് എഡിറ്റര്‍ റവ.ഡോ. പോള്‍ തേലക്കാട്ട്, സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന്‍ നേരേവീട്ടില്‍, മാനേജിംഗ് എഡിറ്റര്‍ ഫാ. സെന്‍ കല്ലുങ്കല്‍, റവ.ഡോ.എ. അടപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു.