India - 2025
മലയാറ്റൂരിലെ പുതുഞായര്‍ തിരുനാളിന് എത്തിയത് പതിനായിരങ്ങള്‍
സ്വന്തം ലേഖകന്‍ 24-04-2017 - Monday
കാലടി: അന്തർദേശീയ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിനെത്തിയതു പതിനായിരങ്ങള്‍. ഇന്നലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം കുരിശുമുടിയില്നിന്നും നേര്‍ച്ചയായി പൊന്‍പണം ഇറക്കിയതോടെ പുതുഞായര്‍ തിരുനാള്‍ സമാപിച്ചു. "പൊന്നിന് കുരിശുമല മുത്തപ്പൊ പൊന്‍ മല കയറ്റം" എന്ന പ്രാര്‍ഥനയാല്‍ കുരിശുമുടിയും പരിസരവും നിറഞ്ഞുനിന്നു.
ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച ഭക്തജന പ്രവാഹം ഇന്നലെ വൈകിട്ടും തുടര്‍ന്നു. പ്രധാന തിരുനാള്‍ ദിനമായ ഇന്നലെ താഴത്തെ പള്ളിയില്‍ ഫാ. മാര്ട്ടിന് കണ്ടംപറമ്പിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വൈകിട്ട് ഫാ. ടോമി കണ്ടത്തിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന എന്നിവ ഉണ്ടായിരുന്നു.
കുരിശുമുടിയില്‍ പുലര്‍ച്ചേ ഫാ. നിബിന് കുരിശിങ്കലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന, ഫാ. വര്‍ഗീസ് പാലാട്ടിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന എന്നിവ നടത്തി. ഉച്ചകഴിഞ്ഞു മൂന്നിനു താഴത്തെ പള്ളിയിലേക്കു വിശ്വാസികള്‍ നേര്‍ച്ചയായി പൊന്‍പണം ഇറക്കാന്‍ ആരംഭിച്ചു. പൊന്‍പണം താഴത്തെ പള്ളിയില്‍ എത്തിയതോടെ സമാപന ദിവ്യബലി നടന്നു. 28 മുതല്‍ 30 വരെ തിരുനാളിന്റെ എട്ടാമിടം ആഘോഷിക്കും.