India - 2025
മദ്യത്തിനെതിരെയുള്ള പൊതുവികാരം പ്രകടമാക്കി കൊണ്ട് കെസിബിസി മദ്യവിരുദ്ധ സമിതി സമ്മേളനം
സ്വന്തം ലേഖകന് 22-04-2017 - Saturday
ഭരണങ്ങാനം: കെസിബിസി മദ്യവിരുദ്ധ സമിതി ഭരണങ്ങാനത്തു നടത്തിയ സംസ്ഥാന സമ്മേളനം കേരളത്തിന്റെ പൊതുവികാരമായി മാറി. മദ്യവിമുക്ത കേരളത്തിനും ഭാരതത്തിനുമായി ഏവരും മുന്നിട്ടിറങ്ങണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനത്തിൽ പറഞ്ഞു.
ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു മദ്യവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സുപ്രീംകോടതി വിധിയിൽ വെള്ളം ചേർക്കാനും കുൽസിത മാർഗങ്ങളിലൂടെ മറികടക്കാനും നടത്തുന്ന ശ്രമങ്ങൾ ചെറുക്കുമെന്നും കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
ആവേശം അലയടിച്ച സമ്മേളനത്തിൽ സമ്പൂർണ മദ്യനിരോധനം സാധ്യമെന്നു തെളിയിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ കെസിബിസി മദ്യവിരുദ്ധസമിതിയുടെ “ദേശീയ ചാമ്പ്യനായി’’ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപിച്ചു. കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരനാണു സംസ്ഥാന ചാമ്പ്യൻ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്.
കുട്ടികൾവരെ ലഹരിക്ക് അടിമയാക്കപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്കെതിരേ സഭ സാമൂഹ്യപ്രതിബദ്ധതയോടെ നിരന്തര സമരങ്ങളും ബോധവത്കരണവും നടത്തുമെന്നു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കുടിവെള്ളം ഇല്ലെങ്കിലും മദ്യം മതിയെന്ന സമീപനമാണ് സർക്കാരിന്റേതെന്നും കെസിബിസിയുടെ ശക്തമായ നിലപാട് തന്നെപ്പോലുള്ള പൊതുപ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നതായി സുധീരൻ പറഞ്ഞു.
സെക്രട്ടറി ചാർളി പോളും പ്രസംഗിച്ചു. ബിഷപ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, മദ്യവിരുദ്ധസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.