India - 2025
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നു മാര്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 19-04-2017 - Wednesday
കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും വിദ്യാഭ്യാസം ജോലിക്കുവേണ്ടിയുള്ള മാര്‍ഗമായി മാത്രം കാണരുതെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സഭയുടെ ഉന്നതവിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കോളജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയ, സാന്മാര്‍ഗിക മൂല്യങ്ങള്‍ അപ്രത്യക്ഷമായാല്‍ സമൂഹത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാകും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. വിദ്യാഭ്യാസം ജോലിക്കുവേണ്ടിയുള്ള മാര്‍ഗമായി മാത്രം കാണരുത്. വ്യക്തിയുടെ സ്വഭാവരൂപവത്കരണത്തിനും ആത്മീയവളര്‍ച്ചയ്ക്കും വിദ്യാഭ്യാസം സഹായകമാകണം. സത്യം, നീതി, കരുണ, പാവങ്ങളോടുള്ള കരുതല്‍, പരിസ്ഥിതി സംരക്ഷണം എന്നീ നന്മകള്‍ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാകണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ റവ.ഡോ. തോമസ് ചാത്തപ്പറമ്പില്‍, സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മനോജ് വര്‍ഗീസ്, തേവര എസ്.എച്ച് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഉന്നതവിദ്യഭ്യാസ കമ്മിറ്റി സെക്രട്ടറി റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടന്ന അതിക്രമങ്ങളെ സമ്മേളനം അപലപിച്ചു. പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. കാമ്പസുകളില്‍ അക്രമങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കാന്‍ നിയമനടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാരിനോട് സമ്മേളനം ആവശ്യപ്പെട്ടു. ഓരോ പ്രദേശങ്ങളിലെയും സഭയുടെ കോളജുകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാനും ലൈബ്രറി, കാമ്പസ് സൗകര്യങ്ങള്‍ എന്നിവ പൊതുവായി ഉപയോഗിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു.