India - 2025
ഫാ. ജോസഫ് തളിയത്ത് നിര്യാതനായി
സ്വന്തം ലേഖകന്‍ 16-04-2017 - Sunday
കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതാംഗം ഫാ. ജോസഫ് തളിയത്ത് (ജോളിയച്ചന്‍- 73) നിര്യാതനായി. സംസ്‌കാരം നാളെ (17 തിങ്കള്‍) ഉച്ചകഴിഞ്ഞു മൂന്നിന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭൗതികശരീരം ഇന്നു വൈകുന്നേരം നാലിനു ഫാ. തളിയത്ത് ഒടുവില്‍ വികാരിയായിരുന്ന ഞാലൂക്കര സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിക്കും.
ഇവിടെ പൊതുദര്‍ശനത്തിനു ശേഷം ആറിനു കാഞ്ഞൂര്‍ പള്ളിയ്ക്കു സമീപമുള്ള സഹോദരന്‍ ജേക്കബിന്റെ വസതിയിലേക്കു കൊണ്ടുവരും. നാളെ ഉച്ചയ്ക്കു പന്ത്രണ്ടു മുതല്‍ കാഞ്ഞൂര്‍ ഫൊറോനാ പള്ളിയിലാണു പൊതുദര്‍ശനം. അതിരൂപതയിലെ മെത്രാന്മാരുടെ കാര്‍മികത്വത്തിലാണ് സംസ്‌കാരശുശ്രൂഷകള്‍.
കാഞ്ഞൂര്‍ തളിയത്ത് പരേതരായ പൗലോസ്-അന്നംകുട്ടി ദമ്പതികളുടെ മകനായി 1945 മെയ് എട്ടിനാണു ജനനം. പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം 1962 ജൂണ്‍ 10 നു വൈദികപരിശീലനം ആരംഭിച്ചു. മംഗലാപുരം ഇന്റര്‍ ഡയോസിഷന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.
1970 ഡിസംബര്‍ 10 നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്നാണു പൗരോഹിത്യം സ്വീകരിച്ചത്. ഞാറയ്ക്കല്‍, ചേരാനല്ലൂര്‍ ഈസ്റ്റ്, മഞ്ഞപ്ര എന്നീ പള്ളികളില്‍ സഹവികാരി, എടയാഴം, നായത്തോട്, തിരുഹൃദയക്കുന്ന്, ചൊവ്വര, മള്ളുശേരി, പനങ്ങാട്, കോക്കുന്ന്, ശാന്തിപുരം, ഞാലൂക്കര പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. അര്‍ബുദ രോഗത്തെത്തുടര്‍ന്നു ചികിത്സയും വിശ്രമവുമായി തൃക്കാക്കര വിജോഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സിസ്റ്റര്‍ പാവന (സിഎസ്‌സി കോണ്‍വന്റ് തവളപ്പാറ) അംബി ജോയി (നെടുങ്കല്ലേല്‍ നാടുകാണി), സോഫി ജോര്‍ജ് (അവരാപ്പാട്ട് പാലമറ്റം), ജേക്കബ് തളിയത്ത് (എസ്ബിഐ, വാഴക്കുളം) എന്നിവരാണു സഹോദരങ്ങള്‍.