India - 2025
മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം
സ്വന്തം ലേഖകന്‍ 10-04-2017 - Monday
മലയാറ്റൂർ: വിശുദ്ധ വാരത്തിന് തുടക്കമായതോടെ അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. രാത്രിയിലും പകലും ചെറുതും വലുതുമായ കുരിശുകള്‍ വഹിച്ചു കൊണ്ട് ആയിരങ്ങളാണ് മല കയറുന്നത്.
ഇന്നലെ രാവിലെ കുരിശുമുടിയിൽ നടന്ന ഓശാന ശുശ്രൂഷകളില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. സ്മിന്റോ ഇടശേരി സഹകാർമികനായി. തുടര്‍ന്നു കുരിശുമുടിയിലെ സന്നിധി ചുറ്റി കുരുത്തോല പ്രദക്ഷിണം നടന്നു. ഫാ. ഷാജി കൊച്ചുപുരയിൽ വചനസന്ദേശം നൽകി.
സെന്റ് തോമസ് പളളിയിൽ (താഴത്തെ പളളി) നടന്ന ഓശാന തിരുക്കർമ്മങ്ങൾക്ക് വികാരി റവ.ഡോ.ജോണ്‍ തേയ്ക്കാനത്ത് നേതൃത്വം നല്കി. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കുരുത്തോല വെഞ്ചരിപ്പും പളളിയിലേക്ക് കുരുത്തോല പ്രദക്ഷിണവും ഉണ്ടായിരുന്നു.
ഫാ. ജിബിൻ കണ്ണാട്ട്, ഫാ. ജോയ്സൺ, ഫാ. ചാൾസ് കോറോത്ത് എന്നിവർ സഹകാർമികരായി. തുടർന്ന് വിശുദ്ധ ബലിയര്‍പ്പണം നടന്നു. ദുഃഖവെള്ളിയാഴ്ചയ്ക്ക് ദിവസങ്ങള്‍ ശേഷിക്കേ മല കയറാനുള്ള വിശ്വാസികളുടെ പ്രവാഹം വളരെ ശക്തമായി തുടരുകയാണ്.