India - 2025
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്
സ്വന്തം ലേഖകന്‍ 07-04-2017 - Friday
കൊച്ചി: സംഘർഷഘട്ടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംരക്ഷണം നൽകാൻ സര്‍ക്കാര്‍ സംവിധാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി. ന്യൂമാന്‍ കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരിന്നു അദ്ദേഹം.
കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള തൊടുപുഴ ന്യൂമാൻ കോളജിൽ ഒരുവിഭാഗം നടത്തിയ അക്രമം അപലപനീയമാണ്. അക്രമം നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണം. സംഘർഷഘട്ടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംരക്ഷണം നൽകാൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കണം. ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ആവശ്യപ്പെട്ടു.
അതേസമയം അക്രമത്തെ അപലപിച്ചും കുറ്റവാളികളെ രക്ഷിക്കാൻ നിസാരമായ കേസെടുത്തതിലും പ്രതിഷേധിച്ചു പിടിഎയുടെയും കോതമംഗലം രൂപതയുടെ വിവിധ ഭക്തസംഘടനകളുടെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തിൽ നാളെ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. ഉച്ചയ്ക്കു രണ്ടരയ്ക്കു തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി മൈതാനിയിൽ നിന്നുമാണ് മാർച്ച് ആരംഭിക്കുക.