Events - 2025
"സെഹിയോൻ ഡേ" അനുഗ്രഹാശ്ശിസുകൾക്കു നന്ദിയേകാൻ നാളെ ബർമിങ്ഹാമിൽ കുടുംബസംഗമം
ബാബു ജോസഫ് 30-04-2017 - Sunday
ബർമിങ്ഹാം: ദൈവതിരുമനസ്സിനു വിധേയപ്പെടുവാൻ അനേകർക്ക് അത്ഭുതങ്ങളും , രോഗശാന്തിയും , മാനസാന്തരവും പകരുന്ന ദൈവികോപകരണമായിവർത്തിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വട്ടായിലച്ചൻ എന്ന ഫാ.സേവ്യർ ഖാൻ വട്ടായിൽ കത്തോലിക്കാ സഭയോടു ചെർന്നുനിന്നുകൊണ്ടു കേരളത്തിൽ പാലക്കാട് ജില്ലയിൽ അട്ടപ്പാടി മലമുകളിൽ തുടക്കമിട്ട "സെഹിയോൻ മിനിസ്റ്റ്രി" ഇന്ന് ലോകസുവിശേഷവത്കരണരംഗത്തുതന്നെ മറ്റു ശുശ്രൂശകൾക്കും മിനിസ്റ്റ്രികൾക്കുമൊപ്പം മാർഗദീപമായി നിലകൊള്ളുന്നു.
ഇന്ന് വിവിധ രാജ്യങ്ങളിൽ സെഹിയോൻ മിനിസ്‌ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകൾ നടന്നുവരുന്നു. എല്ലാവർഷവും ഏപ്രിൽ 29 സെഹിയോൻ ദിനമായി ആചരിച്ചുവരികയാണ് . ദൈവം സെഹിയോൻ ശുശ്രൂഷകളിലൂടെ നൽകിയിട്ടുള്ള നിരവധിയായ അനുഗ്രഹങ്ങൾക്ക് ദൈവസന്നിധിയിൽ നന്ദിപറയുവാൻ മിനിസ്‌ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകരും കുടുംബാംഗങ്ങളും, സ്നേഹിതരും അന്നേദിവസം ഒരുമിക്കും.
യൂറോപ്പിൽ യുകെ കേന്ദ്രമാക്കി അമേരിക്ക, ഓസ്‌ട്രേലിയ ,ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ , പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽപോലും സുവിശേഷവത്ക്കരണത്തിനു വഴിയൊരുക്കുവാൻ വിവിധ ശുശ്രൂഷകളിലൂടെ ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീമിനെ ദൈവം തിരഞ്ഞെടുത്തു. സെഹിയോൻ ദിനത്തോടനുബന്ധിച്ച് ,ഇന്നുവരെ ദൈവം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരുമിച്ചു ഏകമനസ്സോടെ നന്ദിയർപ്പിക്കുവാൻ നാളെ ( മെയ് 1 തിങ്കൾ ) ബിർമിങ്ഹാമിൽ കുടുംബസംഗമം നടക്കുന്നു .
വൈകിട്ട് 5 മുതൽ സെന്റ് ജെറാഡ് കാത്തലിക് ദേവാലയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകളിൽ റവ ഫാ സോജി ഓലിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പണം നടക്കും. അമേരിക്കയിലെ സെഹിയോൻ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന പ്രമുഖ സുവിശേഷപ്രവർത്തക ഐനിഷ് ഫിലിപ്പ് വചനസന്ദേശം നൽകും. രാത്രി സ്‌നേഹവിരുന്നോടെ സമാപിക്കുന്ന ദിനാചരണത്തിൽ സെഹിയോൻ ടീം കുടുംബമായിത്തന്നെ പങ്കെടുക്കും. ഫാ ഷൈജു നടുവത്താനി, സിസ്റ്റർ ഡോ. മീന എന്നിവരും ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:
സണ്ണി 07877 290779.
അഡ്രസ്സ്:
ST.Gerard Catholic Church
Castle vale
Birmingham
B35 6JT.
