News - 2025
നസ്രത്തില്‍ നിന്നും 11 വയസുള്ള ബാലിക എഴുതിയ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു
സ്വന്തം ലേഖകന്‍ 08-12-2015 - Tuesday
നസ്രത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും 11 വയസുള്ള ബാലിക എഴുതിയ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പരിശുദ്ധ അമ്മയ്ക്കു മാലാഖയുടെ വിളംബരം ഉണ്ടായതും യേശു ബാല്യകാലത്ത് ജീവിച്ചിരുന്നതുമായ നസ്രത്തിനെ പറ്റി ഹൃദയസ്പർശിയായ രീതിയാണ് നഘാം ഹെലൗ എന്ന ബാലിക കത്തെഴുതിയിരിക്കുന്നത്. കുടുംബാംഗങ്ങളെ പറ്റിയും വിദ്യാലയത്തെ പറ്റിയും മതമൈത്രിയെ പറ്റിയും ഈ കുരുന്ന് കത്തിൽ പരാമർശിക്കുന്നുണ്ട്.
കത്തിന്റെ പൂർണ്ണ രൂപം താഴെ നൽകുന്നു.
എന്റെ പേര് നഘാം ഹെലൗ. എനിക്ക് 11 വയസ്സായി. നസ്രത്തിൽ എന്റെ മാതാപിതാക്കളൊത്ത് ജീവിക്കുന്നു . എനിക്ക് അഞ്ചു വയസ്സായ ഒരു സഹോദരനുണ്ട്, ഷാദി. എന്റെ അമ്മ ഒരു സംഗീത അദ്ധ്യാപികയും പിതാവ്, പഠന വൈകല്യമുള്ള വിദ്യാർത്ഥികളുടെ സ്കൂളിൽ, അദ്ധ്യാപകനുമാണ്. അമ്മയുടെ ഭാഗത്തു നിന്നുള്ള മുത്തശ്ശൻ, മരൗൺ അസംഘർ, നസ്രത്തിനെ പറ്റി 25 പാട്ടുകൾ എഴുതിയിട്ടുണ്ട്. എന്റെ പേരിന്റെ അർത്ഥം രാഗം എന്നാണ്. എന്റെ അമ്മയുടെ പേരിന്റെ അർത്ഥം മധുരസംഗീതം എന്നുമാണ് ! എന്റെ ഒരു മുത്തശ്ശി വലിയ ദയാലുവാണ്. എന്റെ മറ്റേ മുത്തശ്ശി നല്ല പാചകക്കാരിയാണ്. ഞങ്ങൾക്കു വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നത് ഈ മുത്തശ്ശിയാണ്.
എനിക്ക് കവിത വായിക്കാനും എഴുതാനും ഇഷ്ടമാണ്. ചിത്രരചനയിലും താൽപ്പര്യമുണ്ട്. കൂടാതെ, നീന്തൽ, കമ്പ്യൂട്ടർ അങ്ങനെ പലതും! മറ്റു രാജ്യക്കാർ ഞങ്ങളുടെ നാട്ടിൽ വരുന്നത് ഞങ്ങൾക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. നിങ്ങളുടെയെല്ലാം നാടുകൾ സന്ദർശിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട് !
ഞാൻ സെന്റ്.സേവ്യർ ഗ്രീക്ക് കാത്തലിക് സ്കൂളിൽ, 5-ാം ക്ലാസ്സിൽ പഠിക്കുന്നു. ഞങ്ങൾ മാരൊണൈറ്റ് ക്രിസ്ത്യാനികളാണ്. എന്റെ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്. ക്ലാസ്സിൽ ആകെ നാൽപ്പത് കുട്ടികളുണ്ട്. അതിൽ ഏഴു പേർ മുസ്ലീങ്ങളാണ്. ഞങ്ങളെല്ലാവരും വലിയ സുഹൃത്തുക്കളാണ്. അല്ല, ഞങ്ങൾ സഹോദരങ്ങളെ പോലെയാണ്.
സ്കൂളിൽ മതപഠനം ഉണ്ട്. മതപഠനം പാരമ്പര്യ രീതിയിലുള്ളതാണ്. മതപഠന ക്ലാസ്സുകളിൽ ചിലപ്പോഴൊക്കെ പുണ്യവാളന്മാരെ പറ്റിയുള്ള വിഡിയോ ഞങ്ങളെ കാണിക്കാറുണ്ട്. ദൈവത്തെ അറിയാതെ പോയ അവരുടെ ജീവിതവും, പിന്നീട് ദൈവത്തെ അറിഞ്ഞതിനു ശേഷമുള്ള അവരുടെ ജീവിതവും, ഇത് വീഡിയോയില്‍ കാണുംപ്പോള്‍ വല്ലാത്ത അനുഭവമാണ്. അല്ലേലും ഇത്തരം വേദപഠന ക്ലാസ്സുകൾ വളരെ രസകരമാണ്.
ഞങ്ങൾക്കുണ്ടായിട്ടുള്ള ദൈവാനുഗ്രഹങ്ങളെ പറ്റിയെല്ലാം വേദപാഠ ക്ലാസ്സിൽ ഞങ്ങൾ പറയും. ദൈവസ്നേഹത്തിലേക്കും ദൈവാനുനുഗ്രഹത്തിലേക്കും നയിക്കാന്‍ ഞങ്ങളെ ഈ വേദപാഠ ക്ലാസ്സുകള്‍ സഹായിക്കുന്നുണ്ട്. ദൈവപുത്രനെ പ്രസവിക്കാനുള്ള അനുഗ്രഹം ലഭിച്ചത് മാതാവിന്റെ നന്മ കൊണ്ടല്ലെ ? അതേ നന്മ ഞങ്ങൾക്കും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്.
എന്റെ ക്ലാസ്സിലെ ലീഡറാണ് ഞാൻ. സ്കൂളിലെ ചില സമയം വളരെ രസകരമാണ്; ചില സമയങ്ങളിൽ അത്ര സുഖമുള്ളതല്ല. പരീക്ഷയൊക്കെ വലിയ പാടാണ് ! പഠനത്തിന്റെ കാര്യത്തില്‍ ഞങ്ങളുടെ എല്ലാ അദ്ധ്യാപകരും വളരെ കാർക്കശ്യക്കാരാണ്. എന്നാലും ഇടക്കിടയ്ക്കുള്ള വിനോദയാത്രകളും ക്യാമ്പുകളും ഞങ്ങൾക്ക് ഉന്മേഷം തരുന്നു.
ഒരിക്കൽ നസ്രത്തിൽ നിറയെ ക്രിസ്ത്യാനികളായിരുന്നു. ഇപ്പോൾ മുസ്ലീങ്ങളാണ് കൂടുതൽ. അവർ അവരുടെ മതത്തെയും ദൈവത്തെയും പൂർണ്ണമായി മനസ്സിലാക്കുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്.
ലോകമാകെ പടർന്നു പന്തലിച്ച യേശുവിന്റെ സ്നേഹത്തിന്റെയും ദയയുടേയും സന്ദേശം മുളപൊട്ടിയ മണ്ണാണ് നസ്രത്ത് - ഇതൊരു വിശുദ്ധ നഗരമാണ്. കന്യകാ മാതാവിന് മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവനിശ്ചയം അറിയിച്ചതിന്റെ പേരിലുള്ള ദേവാലയമായ ‘അനൺസിയേഷൻ ദേവാലയം’ ഇവിടുത്തെ പ്രസിദ്ധമായ ഒരു പള്ളിയാണ്.
എന്റെ ഈ കൊച്ചുകത്ത്, നസ്രത്തിൽ നിന്നും നിങ്ങളിലേക്കുള്ള ഒരു കുറുക്ക് വഴിയായി നിങ്ങൾക്ക് അനുഭവപ്പെട്ടാൽ, എന്റെ പ്രയത്നം വൃഥാവിലായില്ല എന്ന് ഓർത്ത് എനിക്ക് സന്തോഷിക്കാം. യേശുവിന്റെ് നസ്രത്തിന് ഒരു പാലമായി വർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. കത്ത് ചുരുക്കുന്നു.
നഘാം ഹെലൗ
