India - 2025
ഭിന്നശേഷിയുള്ളവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
സ്വന്തം ലേഖകന്‍ 14-05-2017 - Sunday
കൊച്ചി: ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സേവനത്തിലും ശുശ്രൂഷയിലും മാത്രമൊതുങ്ങരുതെന്നും അവരുടെ കഴിവുകള്‍ വികസിപ്പിക്കാൻ ഉതകുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അസോസിയേഷന് ഓഫ് കാത്തലിക് റിഹാബിലിറ്റേഷന്‍ സെന്റേഴ്സ് ഓഫ് ഇന്ത്യയുടെ (എസിആര്‍സിഐ) അഞ്ചാം ദേശീയ സംഗമത്തിന്റെ ഉദ്ഘാടനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു കർദിനാൾ മാര്‍ ആലഞ്ചേരി.
വേദനിക്കുന്നവര്‍ക്കു വേണ്ടിയാണു ക്രിസ്തു ജീവിച്ചത്. ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണു ഭിന്നശേഷിക്കാര്‍ക്കു സേവനം ചെയ്യുന്നതിലൂടെ സാധ്യമാകുന്നത്. എസിആര്സിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ മുന്നോട്ടു പോകുന്നു എന്നതു പ്രശംസനീയമായ കാര്യമാണ്. ഇത്തരത്തിലുള്ള സേവനങ്ങളിൽ തെറ്റിദ്ധാരണകള്‍ ഉണ്ടായാല്‍ പോലും അത് സേവനത്തിന്റെ മഹത്വത്തിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കണം.
പല രാജ്യങ്ങളിലും സര്‍ക്കാരാണു ഭിന്നശേഷിക്കാർക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇത്രയുംനാള്‍ അങ്ങനെയായിരുന്നില്ലെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ടെന്നും കർദിനാൾ പറഞ്ഞു.
ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കു ക്രിസ്തുവിന്റെ മുഖഭാഷയാണെന്നു നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതകുളങ്ങര അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. എസിആര്സിഐയുടെ നാഷണല്‍ ഡയറക്ടറിയുടെ പ്രകാശനം കർദിനാള്‍ മാര്‍ ആലഞ്ചേരിയും നാഗ്പുര്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുതകുളങ്ങരയും എസിആര്സിഐയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കു നല്കി പ്രകാശനം ചെയ്തു.
ഭിന്നശേഷിയുള്ളവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തന മേഖലയില്‍ ജിവിതം പുനരർപ്പണം ചെയ്യുന്നുവെന്നു സദസ് ഒന്നടങ്കം കർദിനാളിന്റെ നേതൃത്വത്തില്‍ പ്രതിജ്ഞ ചൊല്ലി. ബാലാവകാശ കമ്മീഷന് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റര്‍ ബിജി ജോസിനെ കർദിനാള്‍ അനുമോദിച്ചു.
