India - 2025
മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് വെളിപ്പറമ്പില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍ 16-05-2017 - Tuesday
കൊച്ചി: വരാപ്പുഴ അതിരൂപതാംഗവും മാധ്യമരംഗത്ത് ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ (86) നിര്യാതനായി. വരാപ്പുഴ അതിരൂപതാംഗമാണ്. ദീര്‍ഘകാലമായി കാക്കനാട് ആവിലാഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. ഇന്നലെ വൈകുന്നേരം 5.40ന് എറണാകുളം ലൂര്‍ദ് ആശുപത്രിയിലായിരുന്നു മരണം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 3.30ന് ചേരാനല്ലൂര്‍ നിത്യസഹായമാതാ പള്ളിയില്‍ നടക്കും. സംസ്കാരശുശ്രൂഷകള്‍ക്കു വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികനാകും.
1930 ഒക്ടോബര്‍ 19നു ചേരാനല്ലൂര്‍ വെളിപ്പറമ്പില്‍ പേറു മേസ്ത്രിയുടെയും മേരിയുടെയും മകനായി ജനനിച്ചു. 1946ല്‍ സെമിനാരിയില്‍ ചേർന്ന അദ്ദേഹം 1961 മാര്‍ച്ച് 17നു പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍, പുല്ലേപ്പടി, പെരുമാനൂര്‍, വെണ്ടുരുത്തി, ഓച്ചന്തുരുത്ത് പള്ളികളില്‍ വികാരിയായിരുന്നു. 2009 സെപ്റ്റംബര്‍ 13ന് ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലില്നിന്നു മോണ്‍സിഞ്ഞോര്‍ പദവി സ്വീകരിച്ചു.
ഗണിതശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദവും ന്യൂസ് പേപ്പര്‍ മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള മോണ്‍. വെളിപ്പറമ്പില്‍ 1962 മുതല്‍ 1992 വരെ കേരള ടൈംസില്‍ സേവനം ചെയ്തു. 27 വര്‍ഷം മാനേജിംഗ് എഡിറ്ററായിരുന്നു. ഐസിപിഎ പ്രസിഡന്റ്, സൗത്ത് ഏഷ്യന്‍ പ്രസ് അസോസിയേഷന് മേഖല പ്രസിഡന്റ്, സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പ്രസ് കമ്മിറ്റികളിലും കേരള പ്രസ് അക്കാദമിയുടെ പ്രഥമ അക്കാദമി കൗണ്‍സിലിലും അംഗം, അക്കാദമിയിലെ വൈദികനായ ആദ്യത്തെ വിസിറ്റിംഗ് പ്രഫസര്‍ എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്.
