News - 2025
പെറുവിന് ഇത് ധന്യമുഹൂര്‍ത്തം: രക്തസാക്ഷികളായ മൂന്ന്‍ വൈദികരെയും വിശുദ്ധപദവിക്കായി നാമകരണം ചെയ്തു
സ്വന്തം ലേഖകന്‍ 10-12-2015 - Thursday
1991-ല്‍ ഷൈനിംഗ് പാത്ത് ഗറില്ലകളാല്‍ വധിക്കപ്പെട്ട പോളണ്ടില്‍ നിന്നുമുള്ള യുവ സുവിശേഷകരായ സ്ബിഗ്ന്യു സ്ട്രാല്‍സ്കോവ്സ്കി, മൈക്കല്‍ ടൊമാസ്സേക്, ഇറ്റലിയിലെ മുന്‍ രൂപതാ വികാരിയായിരുന്ന ഫാ. അലെസ്സാണ്ട്രോ ദോര്‍ഡി എന്നീ മൂന്ന് പുരോഹിതരെ ഡിസംബര്‍ 5, ശനിയാഴ്ച ചിംബോട്ടെയില്‍ വച്ച് വിശുദ്ധ പദവിക്കായി നാമകരണം ചെയ്തു.
1988-ലാണ് പുരോഹിതനായ സ്ബിഗ്ന്യു പെറുവില്‍ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം ഫാ. മൈക്കലും പെറുവിലെത്തി. പെറുവിലെ ചിംബോട്ടെ രൂപതയില്‍പ്പെട്ട പരിയാക്കോട്ടൊ എന്ന ഒരു ദരിദ്ര ഗ്രാമമാണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തത്. രാപകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവരായിരിന്നു ഈ രണ്ടു പുരോഹിതന്മാരും.
ഗ്രാമത്തെ പിടിച്ചുലച്ച കൊടുംവരള്‍ച്ചയുടെ കാലത്ത് ജനങ്ങള്‍ക്ക് വേണ്ട വെള്ളം കൊണ്ടു വരുന്നതിനായി പൈപ് ശ്രംഖല സ്ഥാപിക്കുവാനും കാരിത്താസ് വഴി ഭക്ഷണം വിതരണം ചെയ്യുവാനും ഈ രണ്ടു പുരോഹിതന്‍മാരും മുന്‍പന്തിയിലുണ്ടായിരുന്നു. 1980-ലാണ് ഫാ. അലെസ്സാണ്ട്രോ ഈ മിഷനില്‍ ചേരുന്നത്.
1991 ആഗസ്റ്റ് 9ന് സ്ബിഗ്ന്യു, മൈക്കല്‍ എന്നീ പുരോഹിതരെ ഗറില്ലകള്‍ തട്ടികൊണ്ടു പോവുകയും വെടിവെച്ച് കൊല്ലുകയായിരുന്നു. സ്വര്‍ഗത്തിലേക്ക് അവര്‍ യാത്രയാകുമ്പോള്‍ ഇരുവര്‍ക്കും 30 വയസ്സേ ഉണ്ടായിരിന്നുള്ളൂ. അതേ വര്‍ഷം ആഗസ്റ്റ് 25ന് കുട്ടികളുടെ മാമോദീസയും വിശുദ്ധ കുര്‍ബ്ബാനയും കഴിഞ്ഞ് വരുന്ന വഴി ഫാ. അലെസ്സാണ്ട്രോയെ (60) ഗറില്ലകള്‍ പതിയിരുന്നാക്രമിക്കുകയായിരുന്നു. കാറില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തുകയാണുണ്ടായത്.
ഈ മൂന്ന്‍ പുരോഹിതന്‍മാരുമാണ് പെറുവില്‍ നിന്നും നാമകരണം ചെയ്യപ്പെട്ട ആദ്യ രക്തസാക്ഷികള്‍. പെറുവിലെ വിവിധ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളും, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും തുടങ്ങി ആയിരകണക്കിന് ആളുകള്‍ ഈ ധന്യമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു.
