Meditation.

ക്രിസ്തുവിന് സഭയുമായി എന്തു ബന്ധമാണുള്ളത് ? ദൈവശാസ്ത്ര പണ്ഡിതന്‍ ഫാദര്‍ റാണിയേരോ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

സ്വന്തം ലേഖകന്‍ 12-12-2015 - Saturday

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ, ക്രിസ്തുവിന്റെ അവതാര രഹസ്യത്തെപറ്റിയുള്ള, കൗൺസിലിന്റെ ചിന്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ്, ക്രിസ്തുമസ്സിന് ഒരുക്കമായിട്ടുള്ള ഈ ധ്യാന പ്രസംഗത്തിൽ ഞാൻ ഉദ്ദേശിക്കുന്നത്.

കൗൺസിലിന്റെ നാല് അതിപ്രധാന രേഖകളായ, സഭാനിയമങ്ങൾ (Lumen gentium), പ്രാർത്ഥനക്രമം (Sacrosanctum concilium), സുവിശേഷം (Dei Verbum), ആധുനിക ലോകത്തിൽ തിരുസഭയുടെ പ്രാധാന്യം (Gaudium et spes), എന്നീ വിഷയങ്ങളാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്.

രണ്ടാം വത്തിക്കാന്‍ കൗൺസിലിന്റെ തീരുമാനങ്ങളെ പറ്റി അനവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അതെല്ലാം, തിരുസഭയുടെ, അജപാലനപരവുമായ വശങ്ങളെ പറ്റിയായിരുന്നു. കൗൺസിലിന്റെ ആത്മീയ ചിന്തകളെ പറ്റി നാമമാത്രമായ പഠനങ്ങളെ നടന്നിട്ടുള്ളു എന്നു നമ്മുക്ക് കാണാന്‍ സാധിക്കും. അത്കൊണ്ട് തന്നെ ആത്മീയവശങ്ങളെ പറ്റിയാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്.

ഇതില്‍ നാം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സഭാ നിയമങ്ങൾ എന്ന വിഷയത്തിലാണ്.

സഭാ നിയമങ്ങളിലെ ആദ്യ ഭാഗത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്, "Lumen gentium cum sit Christus” അഥവാ "ക്രിസ്തു ലോകത്തിന്റെ പ്രകാശം". ഈ വരികളുടെ ആഴത്തിലുള്ള അര്‍ത്ഥം പണ്ഡിതനെന്ന് അനേകര്‍ കരുതിയിരുന്ന എനിക്കു പോലും, പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലയെന്നത് തുറന്നു സമ്മതിക്കുന്നു. 'ലോകത്തിന്റെ പ്രകാശം തിരുസഭയാകുന്നു' എന്നാണ് ഞാനും, എന്നെ പോലുള്ള അനവധിയാളുകളും ധരിച്ചുവച്ചിരുന്നത്. യഥാർത്ഥത്തിൽ, 'അത് ക്രിസ്തുവാണ് എന്ന സത്യം' നാം അംഗീകരിക്കാന്‍ വൈകിയിരിക്കുന്നു.

ദേവാലയത്തിൽ ഉണ്ണിമിശിഹായെ കണ്ടപ്പോൾ ശിമയോൻ ഉണ്ണിയെ അഭിവാദനം ചെയ്തത് "വെളിപാടിന്റെ പ്രകാശവും, അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും." (Luke 2:32) ഈ വാക്കുകളിലാണ്.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനത്തിന്റെ, പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് മേല്പറഞ്ഞിരിക്കുന്ന വചനഭാഗം. ഫലപ്രദമായ സുവിശേഷപ്രവർത്തനത്തിന് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ ചിന്തയുടെ ആഴത്തിലുള്ള അര്‍ത്ഥം ക്രൈസ്തവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്.

തിരുസഭയോടുള്ള സ്നേഹം കൊണ്ടല്ല മനുഷ്യർ ക്രിസ്തുവിനെ സ്നേഹിക്കേണ്ടത്, മറിച്ച് യേശുവിനോടുള്ള സ്നേഹം കൊണ്ടാണ്. സഭയിൽ കുറച്ചു പേരെങ്കിലും കറ പുരണ്ടവരായിട്ട് ഉണ്ടങ്കില്‍ കൂടി ജനങ്ങൾ തിരുസഭയെ സ്നേഹിക്കുന്നത്, അവർ യേശുവിനെ ആഴമായി സ്നേഹിക്കുന്നതുകൊണ്ടാണ്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ക്രിസ്തീയതത്വശാസ്ത്രത്തിലെ ഈ ചിന്തകള്‍, ആദ്യമായി പ്രതിപാദിക്കുന്നത് ഞാനല്ല എന്നുകൂടി, ഇവിടെ പ്രസ്താവിക്കുന്നു. മാർപാപ്പയായി സ്ഥാനമേൽക്കുന്നതിന് മുമ്പുള്ള, കർദിനാൾ റാറ്റ്സിഞ്ജറുടെ വ്യാഖ്യാനങ്ങളില്‍ അദ്ദേഹം ക്രൈസ്തവ വിശ്വാസസത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായി കാണാം.

''രണ്ടാം വത്തിക്കാൻ കൗൺസിലിന്റ നിഗമനങ്ങൾ ശരിയായി മനസിലാക്കണമെങ്കിൽ, നിങ്ങൾ വീണ്ടും ആദ്യ വാക്യത്തിലേക്ക് തിരിച്ചു പോകണം, 'ക്രിസ്തു ലോകത്തിന്റെ പ്രകാശം' " ചിന്തയെ അദ്ദേഹം വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമിക്കുക. തിരുസഭയുടെ ആത്മീയ വീക്ഷണം ആരും തന്നെ നിരാകരിച്ചിട്ടില്ല.

മനുഷ്യപ്രകൃതിയനുസരിച്ച് സാധാരണ സംഭവിക്കുന്നതുപോലെ, പഴയ പ്രതിസന്ധികൾ, പുതിയ പ്രശ്നങ്ങളിൽ മുങ്ങി പോകുന്നു; അതുകൊണ്ടാണ്, ദൈവജനവും സഭയുമായുള്ള പരസ്പരബന്ധത്തില്‍ അതിന്റെ സാമൂഹ്യ പശ്ചാത്തലം മാത്രം കേന്ദ്രബിന്ദുവായി മാറുന്നത്. വിശ്വാസികൾ തിരുസഭയുമായുള്ള സഹവർത്തിത്വത്തിൽ കൂടുതൽ ഊന്നൽ കൊടുക്കുന്നത് മൂലം വിശ്വാസികൾക്ക് യേശുവുമായുള്ള ആഴമായ ബന്ധം വിസ്മരിക്കപ്പെടുകയോ, പിൻബഞ്ചിലേക്ക് മാറുകയോ ചെയ്യുന്നുണ്ട് എന്ന കാര്യം സത്യമാണ്.

വി.ജോൺ പോൾ രണ്ടാമൻ, തന്റെ അപ്പോസ്തലിക ലേഖനത്തിൽ (Novo millennio ineunte) സഭയും ക്രിസ്തുവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ പറ്റി വ്യക്തമായി വിവരിക്കുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന ഈ അവസരത്തിൽ, ഏറ്റവും പ്രധാനമായ സഹവർത്തിത്വത്തെ പറ്റി ചിന്തിക്കാൻ സമയമായിരിക്കുന്നു. അടിസ്ഥാനപരമായ ചോദ്യം 'എന്താണ് സഭ' എന്നതല്ല, 'ആരാണ് സഭ' എന്നതാണ്. ഈ വിഷയമാണ് നാം ഇവിടെ വിചിന്തനത്തിന് എടുക്കുന്നത്.

തിരുസഭ യേശുവിന്റെ വധുവും ശരീരവും

സഭാനിയമങ്ങളുടെ (Lumen gentium) ആദ്യ വാക്യത്തിലാണ്, തിരുസഭയെ യേശുവിന്റെ മൌതിക ശരീരവുമായും വധുവായും താരതമ്യപ്പെടുത്തുന്ന ഭാഗം കാണാന്‍ സാധിക്കുന്നത്. കൂടാതെ വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു,

തിരുസഭ എന്നാൽ " ജറുസലേം ആകുന്നു, അത് അത്യുന്നതങ്ങളിൽ നിന്നും ആകുന്നു." (ഗലാത്തി 4:26), "കളങ്കരഹിതനായ ആട്ടിൻകുട്ടിയുടെ, കളങ്കരഹിതയായ വധു ആകുന്നു." (അപ്പസ്തോല പ്രവര്ത്തനനം 19:7) "യേശു സ്നേഹിക്കുകയും.... അവളുടെ വിശുദ്ധിയ്ക്കായി സ്വജീവിതം ബലയർപ്പിക്കുകയും ചെയ്തു." (എഫസോസ് 5:25-26), സഭയെ യേശു, അഭേദ്യമായ ഒരു ബന്ധത്താൽ, തന്നോട് ചേർക്കുകയും, എന്നും പരിപോഷിപ്പിക്കുകയും ചെയ്യുന്നു (എഫസോസ് 5:29), വിശുദ്ധീകരിക്കപ്പെട്ട സ്നേഹത്താലും വിശ്വസ്തതയാലും, തന്നോട് ചേരുവാൻ അദ്ദേഹം മനസ്സായി (എഫസോസ് 5:24), ഇതെല്ലാമാണ്, 'തിരുസഭ യേശുവിന്റെ വധു' എന്ന വിഷയത്തിൽ, 'Lumen gentium cum sit Christus' വചനത്തെ ഓര്‍മ്മിപ്പിച്ച് പറയുന്നത്.

തിരുസഭ യേശുവിന്റെ മൌതിക ശരീരമാകുന്നു എന്ന വിഷയത്തെ പറ്റി പറയുന്നത് ശ്രദ്ധിക്കുക. "മനുഷ്യനായി പിറന്ന ദൈവപുത്രൻ, മരണത്തെ ജയിച്ച് മനുഷ്യവംശത്തെ രക്ഷിച്ച്, മനുഷ്യനെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റി (ഗലാത്തി 6:15; 2 കോറി 5:17). തന്റെ ആത്മാവിന്റെ പ്രതിപ്രവർത്തനത്താൽ, അനേകം രാജ്യങ്ങളിലെ ആയിരകണക്കിന് ആളുകളെ യേശു തന്റെ ശരീരത്തിലേക്ക് സ്വാംശീകരിച്ചു. യേശുവിന്റെ ശരീരമാകുന്ന വിശുദ്ധ കുർബ്ബാന സ്വീകരിച്ച്, നാം, പരസ്പരം യേശുവിനോടും, കൂട്ടിയോജിപ്പിക്കപ്പെടുന്നു. വ്യത്യസ്തരായ നാം, യേശുവിന്റെ ശരീരമാകുന്ന അപ്പം ഭക്ഷിച്ച്, ഒരു ശരീരമായി മാറുന്നു (1Cor 10:17). തിരുസഭയുടെ ഈ രണ്ട് ഭാവങ്ങൾ നമുക്ക് വെളിവാക്കിത്തന്നതിന്, നാം മുൻ കർദിനാൾ റാറ്റ്സിഞ്ജറിനോട് കടപ്പെട്ടിരിക്കുന്നു.

ചുരുക്കത്തില്‍ തിരുസഭ ക്രിസ്തുവിന്റെ വധുവാകുന്നു, അതിനാൽ തന്നെ സഭ അവിടുത്തെ ശരീരമാകുന്നു. തിരുസഭ ക്രിസ്തുവിന്റെ ശരീരമാകുന്നു എന്ന് വി.പൗലോസ് പറയുന്നത്, ശരീരഭാഗങ്ങളുടെ പരസ്പരബന്ധം ഉദ്ദേശിച്ചല്ല, പ്രത്യുത വിവാഹത്തിലൂടെ ഒരുമിച്ചു ചേരുന്ന, സ്ത്രീ-പുരുഷ ബന്ധത്തിലെ ലയമാണ് വിവക്ഷിക്കുന്നത് എന്ന് വ്യക്തമാണ്. അതു തന്നെയാണ്, വിശുദ്ധ കുർബാനയിൽ യേശുവിന്റെ ശരീരമാകുന്ന അപ്പം ഭക്ഷിക്കുന്നതോടെ സംജാതമാകുന്ന കൂടിച്ചേരല്‍. പൌലൊസ് ശ്ലീഹാ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു "ഈ അപ്പം ഭക്ഷിക്കുന്നതിലൂടെ, വിവിധങ്ങളായ നമ്മൾ, ക്രിസ്തുവിന്റെ ശരീരത്തിൽ ഒന്നായി തീരുന്നു." ഈ സങ്കൽപ്പത്തിൽ നിന്നുമാണ്, ക്രിസ്തുവിന്റെ ശരീരമെന്ന നിഗൂഢ രഹസ്യം ആവിർഭവിക്കുന്നത്.

തിരുസഭയെപറ്റി വി.അഗസ്റ്റിന്റെ ആശയവും ഇതുതന്നെയായിരുന്നു എന്നത് വ്യക്തമാണ്. യേശുവിന്റെ മൌതിക ശരീരമാകുന്ന തിരുസഭയും, അവിടുത്തെ ഓർമ്മ പുതുക്കലായ വിശുദ്ധ കുർബ്ബാനയും, ഒന്നായി അദ്ദേഹം സങ്കൽപ്പിക്കുന്നു. യേശുവിന്റെ ശരീരം വിശുദ്ധ കുർബ്ബാനയാകുന്നു എന്ന സത്യത്തിൽ നിന്നും തുടങ്ങി, യേശുവിന്റെ ശരീരം തിരുസഭയാകുന്നു എന്ന ആശയത്തിൽ എത്തി നിൽക്കുന്നു. ക്രിസ്തുവിന്റെ ശരീരം വിശുദ്ധ കുർബാനയാണ് എന്ന തത്വത്തില്‍ കത്തോലിക്കാ ധർമ്മശാസ്ത്രവും, ഓർത്തോഡക്സ് സഭയുടെ ധർമ്മശാസ്ത്രവും ഒരുമിച്ച് നിൽക്കുന്നത് ഇവിടെയാണ്.

തിരുസഭയിലൂടെ ആത്മാവിലേക്ക്.

"തിരുസഭ അല്ലെങ്കിൽ പരിശുദ്ധാത്മാവ് (Ecclesia vel anima) എന്ന തത്വം, തിരുസഭയുടെ അനവധി പിതാക്കന്മാർ എടുത്തു പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്. തിരുസഭയെ പറ്റി പറയുന്നതെല്ലാം, അതിലെ ഓരോ വ്യക്തിയെ പറ്റിയും പറയാം എന്നാണ്, ഇതുകൊണ്ട് അർത്ഥമാക്കുന്നത്. "തിരുസഭ, അതിനുള്ളിലെ ആത്മാക്കളെ കൊണ്ട് മനോഹരമാക്കപ്പെട്ടിരിക്കുന്നു" എന്ന് വി.അംബ്രോസ് പറയുന്നു. "ക്രിസ്തുവിന്റെ ശരീരവും വധുവുമായ" തിരുസഭയിൽ ജീവിക്കാൻ, ഒരു ക്രൈസ്തവന് വേണ്ട ആത്മീയ ഒരുക്കൾ എന്തെല്ലാമാണ് എന്ന ചോദ്യത്തിലേക്ക് ഇത് നയിക്കുന്നു.

അടിസ്ഥാനപരമായി തിരുസഭ ക്രിസ്തുവിന്റെ ശരീരമാണെങ്കിൽ, സഭ നമ്മുടെയുള്ളിലെ യാഥാർത്ഥൃമാണെന്ന സത്യം നാം ഓര്‍ക്കേണ്ട ഒരു വസ്തുതയാണ്. ക്രൈസ്തവരായ നാം തിരുസഭയിൽ ഏത് സ്ഥാനത്ത് ഇരിക്കുന്നു എന്നതില്‍ അല്ല, പ്രത്യുത യേശു എന്റെ ഹൃദയത്തിൽ എവിടെ ഇരിക്കുന്നു എന്നതാണ് പ്രധാനം !

യേശു നമ്മുടെ ഹൃദയത്തിലെത്തുന്നത് ജ്ഞാനസ്നാനം, വിശുദ്ധ കുർബ്ബാന എന്നീ പരമ പ്രധാനമായ കൂദാശകളിലൂടെയാണ്. ജ്ഞാനസ്നാനം ഒരിക്കൽ മാത്രമേ നാം സ്വീകരിക്കുന്നുള്ളു. എന്നാൽ, വിശുദ്ധ കുർബ്ബാന എല്ലാ ദിവസവും നാം സ്വീകരിക്കുന്നു. വിശുദ്ധ കുർബ്ബാന നമ്മെ, യേശുവിന്റെ ശരീരമാക്കി രൂപാന്തരപ്പെടുത്തുന്നു. മുൻ കർഡിനാൾ റാറ്റ്സിഞ്ജറുടെ വാക്കുകൾ ശ്രദ്ധിക്കുക. " മനുഷ്യ ശരീരത്തിൽ ഭക്ഷണം സ്വാംശീകരിക്കപ്പെടുന്നതു പോലെ, എന്റെ ശരീരം യേശുവിനെ സ്വാംശീകരിക്കുന്നു. യേശു എന്നിൽ ജീവിക്കുന്നതോടെ, എനിക്ക് യേശുവുമായുള്ള അകലം ഇല്ലാതാകുന്നു!"

"എന്റെയും യേശുവിന്റെയും ജീവിതങ്ങൾ ഒന്നാകുന്നു. വിശുദ്ധ കുർബ്ബാന സ്വീകരിച്ചതിന് ശേഷം, നമുക്ക് വി.പൗലോസ് അപ്പോസ്തലനൊപ്പം പറയാൻ കഴിയും "ഇപ്പോൾ ഞാനല്ല ജീവിക്കുന്നത്. എന്നിലൂടെ യേശുവാണെന്ന്. " (ഗലാത്തി 2:20).

നിക്കോളാസ് കബാസിലസ് എഴുതുന്നു: " ഒരു തുള്ളിയിലേക്ക് ഒരു കടലോളം വെള്ളം ചേര്‍ക്കുുന്നത്പോലെ, വിശുദ്ധ കുർബ്ബാനയിലൂടെ യേശു നമ്മിൽ നിറയുന്നു. അവിടുന്ന് നമ്മെ താനായി രൂപാന്തരപ്പെടുത്തുന്നു"

ക്രിസ്തുവിന്റെ ശരീരമാകുന്ന തിരുസഭ എന്ന സത്യം, ക്രിസ്തുവിന്റെ വധുവായ തിരുസഭ എന്ന സത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവ രണ്ടും, വിശുദ്ധ കുർബാനയിലൂടെ നമുക്ക് അനുഭവവേദ്യമായി തീരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തിരുസഭയുടേയും യേശുവിന്റെയും സംയോജനത്തിന്റെ പ്രതീകമാണ് വിശുദ്ധ കുർബാന.

വിവാഹത്തെ പറ്റി, പൗലോസ് അപ്പോസ്തലന്‍ എഫേസോസ്കാർക്കുള്ള ലേഖനത്തിൽ പറയുന്നുണ്ട്. "അതിനാൽ പുരുഷൻ മാതാപിതാക്കളെ വിട്ട്, ഭാര്യയോടൊത്ത് ചേരും. അവർ ഇരുവരും ഒറ്റ ശരീരമായി തീരും". മാനുഷിക ചിന്തകള്‍ വിട്ടു ദൈവീകമായി ചിന്തിക്കുമ്പോള്‍ നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും ഇത് യേശുവിനെയും തിരുസഭയയേയും പറ്റി പ്രതിപാദിക്കുന്നതാണെന്ന്.

വിവാഹത്തിലൂടെ ഭർത്താവ് ഭാര്യയോടും, ഭാര്യ ഭർത്താവിനോടും ചേരുന്നു എന്ന് (1 Cor 7:4). "ഒരു തുള്ളി വെള്ളം ലേപന സമുദ്രത്തിൽ അലിയുന്നതുപോലെ, നമ്മൾ യേശുവിൽ അലിഞ്ഞു ചേരുന്നു. നാം യേശുവിനെ സ്വീകരിക്കുമ്പോൾ മാത്രമേ, യേശു നമ്മെ സ്വീകരിക്കുകയുള്ളു" എന്ന് പോറ്റിയേഴ്സിലെ വി.ഹിലാരി പറയുന്നു.

ക്രിസ്തുവിന് അവകാശപ്പെട്ടതല്ലാതെ ഒന്നും, നമ്മുടെ ജീവിതത്തിലില്ല. വിശുദ്ധ കുര്‍ബാനയിലൂടെ എഴുന്നള്ളി വരുന്ന ഈശോ നാം അനുഭവിക്കുന്ന ദുഖങ്ങളെല്ലാം യേശുവും അനുഭവിക്കുന്നു എന്നത് നാം അറിയാതെ പോകുന്ന യാഥാര്‍ത്യമാണ്.

യേശുവിന്റെ ലൗകിക ജീവിതം, സാധാരണ മനുഷ്യരുടെ പരിമിതികളെല്ലാം അനുസരിച്ചുള്ളതായിരുന്നു എന്നതിനാൽ, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പരിമിതമായിരുന്നു. പക്ഷേ, ഉയിർത്തെഴുന്നേൽപ്പിനു ശേഷം, വിശുദ്ധ കുർബ്ബാനയിലൂടെ, യേശു നമ്മിലെത്തുകയും, നമ്മുടെ അനുഭവങ്ങൾ യേശുവിന്റെയും അനുഭവങ്ങളായി മാറുകയും ചെയ്യുന്നു. മനുഷ്യാവതാരത്തില്‍ സാധ്യമാകാതിരുന്ന ലോകത്തിന്റെ മുഴുവൻ അനുഭവങ്ങളും, വിശുദ്ധ കുർബ്ബാനയിലൂടെ യേശുവിന് അനുഭവവേദ്യമായി തീരുന്നു.

വാഴ്ത്തപ്പെട്ട എലിസബെത്ത് ഓഫ് ദി ട്രിനിറ്റി, തനിക്കു വേണ്ടി വീട്ടുകാർ വിവാഹാലോചനകൾ തുടങ്ങിയപ്പോൾ, അമ്മയ്ക്ക് അയച്ച എഴുത്തിൽ ഇങ്ങനെ പറയുന്നു, "വധു, വരനു വേണ്ടി കാത്തിരിക്കുകയാണ്. എന്റെ വരൻ എത്തി കഴിഞ്ഞു. എന്നിലൂടെയും അദ്ദേഹം ലോകത്തെ അറിയും." ഇത് യേശു പറയുന്നതു പോലെയാണ്. 'ഞാൻ നിങ്ങൾക്കായി തീവ്രമായി ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളിലൂടെ ജീവിക്കും. നിങ്ങളുടെ ചിന്തകളിലും ഞാൻ ജീവിക്കും.' മഹത്തായ ഒരു അദ്ഭുതമല്ലേ ഇത് ?

നമ്മുടെ മനുഷ്യാനുഭവം യേശുവിന്റെ അനുഭവമായി മാറുന്നു. പക്ഷേ, ഇതിനൊപ്പം, നമുക്ക് ഒരു ഉത്തരവാദിത്വം കൂടിയുണ്ട്. എന്റെ കണ്ണുകൾ യേശുവിന്റെ കണ്ണുകളാകുന്ന അവസരത്തിൽ, ആ കണ്ണുകൾ കൊണ്ട് കാണുന്ന കാഴ്ച്ചകൾ, യേശുവിന് ഇഷ്ടപ്പെട്ടതായിരിക്കണ്ടെ? എന്റെ അധരം യേശുവിന്റെ അധരമാകുമ്പോൾ, അത് ഉരുവിടുന്ന ഭാഷണങ്ങൾ പരദൂഷണമാകാമോ? എന്റെ ശരിരത്തെ ഏതെങ്കിലും വിധത്തിൽ അശുദ്ധമാക്കുവാൻ, എനിക്ക് കഴിയുമോ?

യേശുവിന്റെ ശരീരമായ എന്റെ ശരീരം, അത് വ്യഭിചരിക്കുവാൻ എനിക്ക് കഴിയുമോ? ജ്ഞാനസ്നാനത്താല്‍ ക്രിസ്തുവിനോട് ഐക്യപ്പെട്ട എല്ലാവർക്കും ബാധകമാണിത്. അപ്പോൾ, തിരുസഭയിലെ അജഗണങ്ങൾക്ക് മാതൃകയാകേണ്ട അജപാലകരുടെ ജീവിതം, എത്രത്തോളം യേശുവിനെ വഹിക്കുന്നതായിരിക്കണം? (1 പത്രോസ് 5:3)

നാം യേശുവിന്റെ ശരീരമാകുന്ന തിരുസഭയോട്, ചേർന്ന് നിൽക്കുമ്പോഴുള്ള പ്രയോജനങ്ങളെ പറ്റിയാണ് ഞാൻ ഇതേ വരെ സംസാരിച്ചത്. എന്നാൽ ഇതിൽ, വ്യക്തിപരവും അസ്തിത്വപരവുമായ ഒരു മാനം കൂടിയുണ്ട്.

'Evangelii gaudium' എന്ന ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനത്തില്‍ 'യേശുവുമായി ഒരു കൂടിക്കാഴ്ച്ച' എന്ന് പരാമർശിക്കുന്ന ഭാഗമുണ്ട്,വളരെ അര്‍ഥവത്തായ ആ ഭാഗം ഇവിടെ ഒന്നും കൂടി ആവര്‍ത്തിക്കുകയാണ്. "ലോകമെങ്ങുമുള്ള എല്ലാ ക്രൈസ്തവരെയും, ഈ നിമിഷത്തിൽ ഞാൻ യേശുവുമൊത്തുള്ള ഒരു കൂടിക്കാഴ്ച്ചയിലേക്ക് ക്ഷണിക്കുകയാണ്. നിങ്ങളെല്ലാം, ഈ കൂടിക്കാഴ്ച്ച എല്ല ദിവസവും ആചരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ അഭ്യർത്ഥന നിങ്ങളോരോരുത്തരോടുമുള്ളതാണ് എന്ന്, നിങ്ങൾ അറിയണം".

യേശുവുമൊത്തുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ച എന്ന ആശയം, കത്തോലിക്കർക്ക് അത്ര പരിചിതമല്ല. അതിന് ഒരു 'പ്രൊട്ടസ്റ്റന്റ് പ്രതിധ്വനി'യുള്ളതായി പലർക്കും തോന്നാം. കൂദാശകളിലൂടെയുള്ള കൂടിക്കാഴ്ച്ചയ്ക്ക് പകരം വെയ്ക്കാനുള്ളതല്ല, വ്യക്തിപരമായ കൂടിക്കാഴ്ച്ച. തിരുസഭ യേശുവിന്റെ ശരീരമാണെങ്കിൽ, സ്വമനസ്സാലെ യേശുവുമൊത്ത് ചേർന്ന് നിൽക്കാനാണ് ണാം വിളിക്കപ്പെട്ടിരിക്കുന്നത്.

യേശുവുമായുള്ള കുടിക്കാഴ്ച്ചയുടെ അർത്ഥമെന്ത് ? "യേശു ദൈവമാണ് " എന്ന അടിയുറച്ച വിശ്വാസമാണ് പൗലോസ് അപ്പസ്തോലനും, ആദ്യകാല ക്രൈസ്തവരും ഏറ്റുപറഞ്ഞിരിന്നത്. ആ വിശ്വാസം, വ്യക്തിയുടെ ജീവിതം എന്നെന്നേയ്ക്കുമായി രൂപപ്പെടുത്തുന്നു. ഇങ്ങനെ രൂപീകരണം സംഭവിച്ചവർക്ക്, യേശു ഒരു കഥാപാത്രമല്ല, തങ്ങൾക്ക് സംസാരിക്കാനാവുന്ന ഒരു വ്യക്തിയാണ്. പ്രാർത്ഥനയിൽ മാത്രമല്ല, ശാരീരികമായി തന്നെ, അദ്ദേഹം നമ്മോടൊത്തുണ്ട്. ഇതിനർത്ഥം ജീവിതത്തിലെ പ്രധാന കാര്യങ്ങൾ, അദ്ദേഹത്തോട് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ടെന്നാണ്.

ചുരുക്കത്തില്‍, ജനം യേശുവിനെ സ്നേഹിക്കുന്നത്, സഭയോടുള്ള സ്നേഹം മൂലമല്ല, പ്രത്യുത യേശുവിനോടുള്ള സ്നേഹം കൊണ്ടാണ് എന്നു നമ്മുക്ക് മനസിലാക്കാന്‍ സാധിക്കും. യേശുവിനോടുള്ള സ്നേഹമാണ് തിരുസഭയുടെ ശക്തി. അവിടുത്തെ വധുവായ തിരുസഭയ്ക്ക്, സമൃദ്ധമായ സന്താനഭാഗ്യം ഉണ്ടാകുന്നത്, വധുവിന് യേശുവിനോടുള്ള സ്നേഹത്തിന്റെ തീക്ഷണതയിൽ നിന്നാണ്. തിരുസഭയ്ക്ക് നാം ചെയ്യുന്ന ഏറ്റവും വലിയ സേവനം യേശുവിനോടുള്ള ഈ കൂടിചേരലാണ്.

യേശുവുമൊത്തുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ചയ്ക്ക് ഉത്തമ ഉദാഹരണമാണ്, തിരുസഭയുടെ ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന്റെ വ്യാപനം. രക്തസാക്ഷിത്വം ഉൾപ്പടെയുള്ള അപകടങ്ങൾ, തങ്ങളെ കാത്തു നിൽക്കുന്നുണ്ട് എന്നറിഞ്ഞിട്ടും അനേകര്‍ യേശുവുമായുള്ള കൂടികാഴ്ചയ്ക്ക് തയാറായി.

സാവധാനത്തിൽ ക്രിസ്തുമതം, ഒരു അനുവദനീയമായ മതമായി മാറി. പിന്നെ തിരഞ്ഞെടുക്കപ്പെട്ട മതമായി. അതോടെ, വിശ്വാസത്തിന്റെ തീഷ്ണത, ക്രൈസ്തവനാകാനുള്ള മാനദണ്ഡമല്ലാതായി മാറി. പകരം, വ്യക്തിയുടെ ബാഹ്യപ്രകൃതിക്ക് പ്രാധാന്യമേറി.

തിരുസഭയുടെ പാരമ്പര്യത്തില്‍ വിരുദ്ധമെന്ന് തോന്നാമെങ്കിലും, തീഷ്ണമായ വിശ്വാസത്തിൽ നിന്നും ബാഹൃപ്രകൃതിയിലേക്കുള്ള മാറ്റം സഭയ്ക്ക് പ്രതികൂലമായി തീർന്നില്ല. ജനങ്ങൾ സ്വമനസ്സാലെ സഭയിലേക്ക് എത്തിചേർന്നുകൊണ്ടിരുന്നു. പല വിധത്തിലുള്ള സന്യാസ, ആശ്രമ ജീവിതങ്ങൾ രൂപപ്പെട്ടു. സഭയിൽ സ്വാഭാവീകമായി തന്നെ വിശ്വാസം വളർന്നുകൊണ്ടിരിന്നു.

1972 മുതൽ 'Rght of Christian Initiation of Adults' പ്രകാരം മുതിർന്നവർക്കുള്ള ജ്ഞാനസ്നാനം വ്യാപകമായി. പുതിയ ക്രിസ്തീയ സമൂഹങ്ങൾ വളർന്നു. പക്ഷേ, നമ്മുടെ കാലഘട്ടത്തിൽ, ക്രൈസ്തവരായി ജനിച്ച്, കൂദാശകളെല്ലാം അവഗണിച്ച്, പേരിന് മാത്രം ക്രൈസ്തവരായി ജീവിക്കുന്നവർക്കു വേണ്ടി, സഭയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു?

അതിനുള്ള ഉത്തരം വളരെ ലളിതമാണ്, രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ഉദയം കൊണ്ട നിരവധിയായ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെയും, ഇടവക സമൂഹങ്ങളുടെയും പ്രവർത്തനങ്ങളാണ്, വ്യക്തികളുടെ ആത്മീയ നവീകരണത്തിനുള്ള, സന്ദർഭവും സൗകര്യവും ഒരുക്കിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതെല്ലാം ഒരു പരിധിവരെ, വിജയത്തിലെത്തുന്നു എന്നുള്ളത്, ശുഭ സൂചനയാണ്. ഇതിന്റെ തനിയാവര്‍ത്തവനം ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു.


Related Articles »