India - 2025
മദ്യനയത്തില്‍ സ്ഥാപിത താത്പര്യവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരമെന്നു കെസിബിസി
സ്വന്തം ലേഖകന്‍ 03-06-2017 - Saturday
തിരുവനന്തപുരം: പുതിയ മദ്യനയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ സ്ഥാപിതതാത്പര്യവുമായി മുന്നോട്ടുപോയാൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നു കെസിബിസിയുടെ മുന്നറിയിപ്പ്. മദ്യശാലകൾക്ക് അനുമതി നല്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം എടുത്തുകളഞ്ഞ ഓർഡിനൻസ് ഇറങ്ങിയതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഗവർണർ ജസ്റ്റീസ് പി. സദാശിവത്തെയും സന്ദർശിച്ച ശേഷം ആര്‍ച്ച് ബിഷപ്പ് സൂസപാക്യമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ മതമേലധ്യക്ഷന്മാരും മദ്യവിരുദ്ധ നേതാക്കളും ആർച്ച് ബിഷപ്പിനൊപ്പമുണ്ടായിരുന്നു.
ഉച്ചയ്ക്ക് 12ന് രാജ്ഭവനിലെത്തി ഗവർണറുമായി ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തിൽ കൂടിക്കാഴ്ച നടത്തി. തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടായിരുന്ന അധികാരം ഇല്ലാതാക്കാനായി ഇറക്കിയ ഓർഡിനൻസ് സർക്കാരിന്റെ വഞ്ചനാപരമായ നീക്കമാണെന്നതിൽ സംശയമില്ലെന്ന് ആർച്ച്ബിഷപ് പറഞ്ഞു. സർക്കാർ ഒളിഞ്ഞും തെളിഞ്ഞും മദ്യലോബിയെ സഹായിക്കുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. ഓർഡിനൻസിൽ ഒപ്പിടുന്നതിനു മുമ്പു ഗവർണറെക്കണ്ട് ആശങ്ക അറിയിക്കാനാണ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഇന്നലെ രാവിലെ തന്നെ ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതായാണ് അറിയാൻ കഴിഞ്ഞത്. ഈ സാഹചര്യം വളരെ വേദനാജനകമാണ്. ഇക്കാര്യത്തിൽ ഇടപെടാൻ അദ്ദേഹത്തിനു ചില പരിമിതികളുണ്ട്. സൂസപാക്യം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധസമിതി ചെയർമാൻ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയിൽ, സംസ്ഥാന ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ദക്ഷിണകേരള ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, സുഗതകുമാരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പ്രസാദ് കുരുവിള, ജോണ്സണ് ഇടയാറൻമുള തുടങ്ങിയവരും ഗവർണറെ സന്ദർശിച്ചു.
