News - 2025

മതപീഢനങ്ങളെ വകവെക്കാതെ ഇറാക്കിലെ ആദ്യത്തെ കത്തോലിക്കാ യൂണിവേഴ്സിറ്റി പ്രവര്‍ത്തനമാരംഭിച്ചു

സ്വന്തം ലേഖകന്‍ 16-12-2015 - Wednesday

ഇറാക്കിലെ ആദ്യത്തെ കത്തോലിക്കാ സര്‍വ്വകലാശാലക്ക് ഇക്കഴിഞ്ഞ ഡിസംബര്‍ 8 ന് എര്‍ബിനില്‍ തുടക്കം കുറിച്ചു. വടക്കന്‍ ഇറാക്കിലെ എര്‍ബിനിലെ ചാള്‍ഡിയന്‍ കത്തോലിക്കരുടെ മെത്രാപ്പോലീത്തയായ ബാഷര്‍ മാറ്റിവര്‍ദായും ഇറ്റാലിയന്‍ ബിഷപ്സ് കോണ്‍ഫ്രന്‍സിന്റെ സെക്രട്ടറി ജെനറല്‍ - മോണ്‍സിഞ്ഞോര്‍ നന്‍സിയോ ഗലാന്റിനോയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കുന്നതിനായി 'ബിഷപ്സ് ഓഫ് റോം കൗണ്‍സില്‍' ഏതാണ്ട് 2.3 ദശലക്ഷം യുറോ നല്‍കി സഹായിച്ചിട്ടുണ്ടെന്ന് 'ഇന്റ്റിപെന്‍റഡണ്ട് കാത്തലിക് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓറിയന്റല്‍ സ്റ്റഡീസ്, വിവര-സാങ്കേതിക വിദ്യ (Information Technology), സാഹിത്യം, സാമ്പത്തികശാസ്ത്രം (Commerce) തുടങ്ങി വിഷയങ്ങളിലുള്ള ഉന്നത പഠനത്തിനു സര്‍വ്വകലാശാല വഴിയൊരുക്കുന്നു. ബൈബിള്‍, ദൈവശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി 96-ഓളം കോഴ്സുകളും ഈ സര്‍വ്വകലാശാല നല്‍കുന്നുണ്ട്. നിയമത്തെ (law) കുറിച്ചും, അന്താരാഷ്ട്രീയ ബന്ധങ്ങളെയും (International Relations) കുറിച്ചുമുള്ള കോഴ്സുകള്‍ ആരംഭിക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്ന് യൂണിവേഴ്സിറ്റി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഹൈസ്കൂളില്‍ നിന്നുമുള്ള പഠനശേഷം ഉന്നത പഠനത്തിനു സാധ്യതയില്ലാത്തതിന്‍റെ പേരില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച ഏതാണ്ട് 1200-ഓളം കുട്ടികളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുര്‍ദിസ്ഥാന്‍,ഏര്‍ബിന്‍ പ്രദേശങ്ങളില്‍ മതിയായ സര്‍വ്വകലാശാലകള്‍ ഇല്ലെന്നതാണ് ഇതിന് പ്രധാന കാരണം.

“നമ്മുടെ പ്രിയപ്പെട്ട ക്രൈസ്തവ സമൂഹങ്ങളെ അടിച്ചമര്‍ത്തുന്നതിന്‍റെ പേരില്‍ ഇറാക്ക് ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമായ നിരവധി സാഹചര്യങ്ങള്‍ ഇപ്പോഴുമുണ്ട്. എന്നിരുന്നാലും ഈ സര്‍വ്വകലാശാലയുടെ ആരംഭത്തോടെ ഇവിടെ പിടിച്ചുനില്‍ക്കുവാനുള്ള ഒരു ശക്തമായ പ്രേരണയാണ് നമ്മുക്ക് കൈവന്നിരിക്കുന്നത്. ഇറാക്കിലെ നിരക്ഷരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുവാന്‍ സഹായിക്കുക എന്ന ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ചരിത്രത്തില്‍ നിന്നും നമ്മെ പുറത്തെറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു ശക്തമായ സന്ദേശമാണിതെന്നും" മെത്രാപ്പോലീത്ത ബാഷര്‍ മാറ്റിവര്‍ദാ പറഞ്ഞു.

“ഈ സര്‍വ്വകലാശാല നാനാജാതി മതസ്ഥര്‍ക്ക് വേണ്ടി രൂപകല്‍പന ചെയ്തതാണ്. ക്രിസ്ത്യാനികളും, മുസ്ലീമുകളും, യസീദി തുടങ്ങി എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും വിദ്യഭ്യാസത്തിന്‍റെ അടിസ്ഥാന മൂല്യങ്ങളെ പറ്റിയും കത്തോലിക്കാ വിശ്വാസത്തെപറ്റിയും മനസ്സിലാക്കുവാന്‍ ഈ സര്‍വ്വകലാശാല വഴി സാധിക്കും. വര്‍ഷം തോറും ഏതാണ്ട് 300-ഓളം വിദ്യാര്‍ദികള്‍ സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതപഠനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“പുതിയൊരു ചരിത്രത്തിനും, തിളക്കമാര്‍ന്ന ഭാവിക്കും ഈ സര്‍വ്വകലാശാല അടിത്തറയിടുമെന്ന്” മോണ്‍സിഞ്ഞോര്‍ ഗലാന്റിനോ അഭിപ്രായപ്പെട്ടു. ചാള്‍ഡിയന്‍ കത്തോലിക്കാ സഭ നല്‍കിയ 3 ലക്ഷം ചതുരശ്ര-കിലോമീറ്റര്‍ സ്ഥലത്താണ് ഈ സര്‍വ്വകലാശാല സ്ഥാപിച്ചിട്ടുള്ളത്.


Related Articles »