India - 2025
ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലന പരിപാടി: പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 17-06-2017 - Saturday
തൃശൂർ: ഞായറാഴ്ചകളിൽ കുട്ടികളും അധ്യാപകരും പരിശീലന പരിപാടികൾക്കെത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാന ഐടി അറ്റ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘കുട്ടിക്കൂട്ടം’പരിശീലന പരിപാടികൾക്ക് എത്തണമെന്ന് കാണിച്ചാണ് തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നും നാളെയും, ജൂലൈ രണ്ട്, ജൂലൈ ഒമ്പത്, ജൂലൈ 16 ഞായറാഴ്ചകളിലും നിർബന്ധമായും അധ്യാപകരും വിദ്യാർഥികളും എത്തണമെന്നാണ് ഉത്തരവ്.
ക്രൈസ്തവ അധ്യാപകരും കുട്ടികളും ഞായറാഴ്ച ആരാധനയിലും മതബോധന ക്ലാസുകളിലും വ്യാപൃതരാണ് എന്ന കാര്യത്തെ തിരസ്കരിച്ചു കൊണ്ട് വിദ്യാഭ്യാസ ഡയറക്ടര്‍ രേഖാമൂലം ഉത്തരവ് നല്കിയിരിക്കുന്നതില് പ്രതിഷേധം ശക്തമാകുകയാണ്. തൃശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നു തൃശൂർ അതിരൂപത ടീച്ചേഴ്സ് ഗിൽഡ് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.
‘കുട്ടിക്കൂട്ടം’ പരിപാടിയില്‍ പങ്കെടുക്കുവാന്‍ രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെ കുട്ടികൾ സ്കൂളിലുണ്ടാകണമെന്നാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നിർദേശം. ഉത്തരവിനെതിരേ വ്യാപകവും ശക്തവുമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. അതേ സമയം ഞായറാഴ്ച്ച പ്രവര്‍ത്തി ദിവസമാക്കാന്‍ സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചപ്പോള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ടു വിളിച്ചു ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
