India - 2025
നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് വൈദികനും ഡ്രൈവര്‍ക്കും പരിക്ക്
സ്വന്തം ലേഖകന്‍ 22-06-2017 - Thursday
കൊച്ചി: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു മറിഞ്ഞു വൈദികനും ഡ്രൈവര്‍ക്കും പരിക്കേറ്റു. എറണാകുളം സെന്റ് മേരീസ് ബസിലിക്ക വികാരി റവ. ഡോ. ജോസ് പുതിയേടത്ത് (58) ഡ്രൈവർ പറവൂർ ചേന്നാമംഗലം സ്വദേശി ഡെന്നി വർഗീസ് (47) എന്നിവർക്കാണു പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ടാറ്റാ ഇൻഡിഗോ കാർ പൂർണമായും തകർന്നു.
ഇന്നലെ രാവിലെ 9.30നു കുമരകം പള്ളിച്ചിറയ്ക്കും പുത്തൻറോഡിനും മധ്യേയാണ് അപകടം. അപകടം നടന്ന സ്ഥലത്തെ ജനങ്ങളുടെ ഉചിതമായ ഇടപെടല്‍ മൂലമാണ് ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. കോട്ടയം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ച ഇരുവരെയും പിന്നീട് ലിസ്സി ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം വടവാതൂർ മേജർ സെമിനാരിയിൽ വൈദിക വിദ്യാർഥികൾക്കു ക്ലാസെടുക്കുന്നതിന് എറണാകുളത്തുനിന്നു കാറിൽ വരികയായിരുന്നു. തോട്ടിൽനിന്നു കോരി റോഡിലിട്ടിരുന്ന ചെളിയിൽ തെന്നിയാണു കാർ അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ കുടുങ്ങിപ്പോയ ഡ്രൈവർ ഡെന്നിയെ അപകടം നടന്ന് അര മണിക്കൂർ കഴിഞ്ഞു കാർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.
വൈദികന്റെ ഇടതു കാലിൽ മൂന്ന് പൊട്ടൽ ഉണ്ട്. കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മറ്റ് പിതാക്കന്മാരും ഇന്നലെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരിന്നു. ആശുപത്രിയില്‍ സന്ദർശകർക്ക് കർശന നിയന്ത്രണം ഉണ്ട്.
