India - 2025
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള് സര്ക്കാര് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകന് 30-06-2017 - Friday
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സർക്കാർ സംരക്ഷിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. തൈക്കാട് ഗസ്റ്റ് ഹൗസിൽ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിവർത്തിത ക്രൈസ്തവരുടെ സംവരണപ്രശ്നം സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ പരിഹരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
സംവരണ പ്രശ്നം ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പരിഹാരം കാണാനാവൂ. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. എങ്കിലും സംസ്ഥാന സർക്കാരിനു ചെയ്യാനാവുന്നതെല്ലാം ചെയ്യും. പള്ളികൾ പണിയുന്നതുമായി ബന്ധപ്പെട്ടു ചിലയിടങ്ങളിലുണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെയാണു കാണുന്നത്. തീരദേശപാത വരുന്നതിൽ ജനങ്ങൾക്ക് ആശങ്ക വേണ്ട. ഇതുമായി ബന്ധപ്പെട്ടു ബുദ്ധിമുട്ടുണ്ടാകുന്നവരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കും. സ്ഥലം നഷ്ടപ്പെടുന്നവർക്കു തീരദേശത്തു തന്നെ താമസിക്കാൻ സംവിധാനമൊരുക്കും.
എല്ലാവർക്കും വീടെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്കു മുഖ്യമന്ത്രി ക്രൈസ്തവ സഭകളുടെ പിന്തുണ അഭ്യർഥിച്ചു. ചില സഭകൾക്ക് ഇതിൽ വലിയ പങ്ക് വഹിക്കാനാവും. വീട് നിർമിച്ചു നൽകാൻ തയാറായാൽ ആ സഹായം സർക്കാർ സ്വീകരിക്കും. ഇതൊരു അഭ്യർഥനയായി സഭകൾക്കു മുന്നിൽ വയ്ക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.ടി. ജലീൽ, ന്യൂനപക്ഷക്ഷേമ സെക്രട്ടറി കെ. ഷാജഹാൻ, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്, ക്നാനായ ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാർത്തോമ്മാ സഭാ എപ്പിസ്കോപ്പ ജോസഫ് മാർ ബർണബാസ്, മലങ്കര ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്ത ഡോ. സക്കറിയാസ് മാർ അപ്രേം, സിഎസ്ഐ ബിഷപ് ധർമരാജ് റസാലം തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
