India - 2025
ക്രൈസ്തവ ന്യൂനപക്ഷ കണ്വെന്ഷന് ഓഗസ്റ്റ് 12ന്
സ്വന്തം ലേഖകന്‍ 13-07-2017 - Thursday
പാലാ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ക്രൈസ്തവ ന്യൂനപക്ഷ കൺവൻഷൻ ഓഗസ്റ്റ് 12ന് കോട്ടയത്ത് വച്ചുനടക്കും. അന്നേ ദിവസം രാവിലെ 9.30ന് കോട്ടയം ശാസ്ത്രി റോഡിലുള്ള പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ (കെപിഎസ് മേനോൻഹാൾ) ആരംഭിക്കുന്ന സമ്മേളനത്തിൽ വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാർ സംബന്ധിക്കും.
സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങൾ പഠിക്കുവാനും അതോടൊപ്പം ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശങ്ങളെയും നിയമങ്ങളെയും ക്ഷേമപദ്ധതികളെയുംകുറിച്ച് വിവിധ ക്രൈസ്തവ വിഭാഗങ്ങളെ ബോധവത്കരിക്കുവാനുമാണ് കൺവൻഷൻ വിളിച്ചുചേർത്തിരിക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ. ഹനീഫ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെക്കുറിച്ചു ക്ലാസെടുക്കും. ന്യൂനപക്ഷ ആക്ടിനെക്കുറിച്ചും ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ ന്യൂനപക്ഷ അവകാശങ്ങളെയും ക്ഷേമപദ്ധതികളെയും കുറിച്ചു വിഷയാവതരണം നടത്തും. തുടർന്ന് ന്യനപക്ഷ കമ്മീഷൻ മുഖാമുഖം പരിപാടിക്കു മെംബർമാരായ അഡ്വ. ബിന്ദു എം. തോമസ്, അഡ്വ. മുഹമ്മദ് ഫൈസൽ എന്നിവർ നേതൃത്വം നൽകും.
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടാതെ വിവിധ ക്രൈസ്തവ സമുദായ സാമൂഹ്യസംഘടനകൾ, സന്യാസ സന്യാസിനിസഭകൾ, വിദ്യാഭ്യാസ ആരോഗ്യ ആതുരശുശ്രൂഷാ സ്ഥാപനങ്ങൾ, യുവജന വനിതാ പ്രസ്ഥാനങ്ങൾ എന്നിവയിൽനിന്നുള്ള പ്രതിനിധികളും കൺവൻഷനിൽ പങ്കെടുക്കും.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പ്രതിനിധികള്‍ ജൂലൈ 31-നു മുന്‍പ് ന്യൂനപക്ഷ കമ്മീഷൻ മെംബർ അഡ്വ. ബിന്ദു എം. തോമസ് പക്കൽ (മൊബൈൽ 8547380149, ഇ-മെയിൽ: memberminoritycommission@gmail.com) പേര് രജിസ്റ്റർ ചെയ്യണം.
