India - 2025
ആശുപത്രികൾ ജീവന്റെ സംരക്ഷകരാകണം, സംഹാരകരാകരുത്: കെസിബിസി പ്രൊലൈഫ് സമിതി
സ്വന്തം ലേഖകന്‍ 09-08-2017 - Wednesday
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകനു ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനാൽ മരണപ്പെട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു കെ സി ബി സി പ്രൊലൈഫ് സമിതി സംസ്ഥാനസമിതി. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ഇനിയിത്തരത്തിൽ ഒരു ജീവനും പൊലിയാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കെ സി ബി സി പ്രൊലൈഫ് സംസ്ഥാന സമിതി നിവേദനം നൽകി.
കൂട്ടിയിരുപ്പുകാരില്ലാത്തതിന്റെ പേരിലും വെന്റിലേറ്റർ ഇല്ല ന്യുറോ സർജൻ ഇല്ല എന്നുള്ള കാരണം പറഞ്ഞും കൊല്ലത്തുള്ള ട്രാക്കിന്റെ സന്നദ്ധപ്രവർത്തകരെ മടക്കി അയച്ചവർ ആണ് യഥാർത്ഥത്തിൽ മരിച്ച മുരുകന്റെ മരണത്തിന് ഉത്തരവാദികൾ. പണസമ്പാദനം മാത്രം ലക്‌ഷ്യം വെക്കാതെ ആശുപത്രികൾ ജീവന്റെ സംരക്ഷകരാകണം സംഹാരകരാകരുത്. തെറ്റ് ചെയ്തത് എത്ര ഉന്നതരാണെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാകണം. ഇതുവരെ ഇ മേഖലയിൽ സർക്കാർ കൈക്കൊണ്ട പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നു.
മുരുകന്റെ ജീവൻ രക്ഷിക്കാൻ മുഴുവൻ സമയവും ശ്രമിച്ചു ആംബുലൻസിൽ കൂടെയുണ്ടായിരുന്ന ട്രാക്ക് പി ആർ ഓ യും കെ സി ബി സി പ്രൊലൈഫ് സമിതി സെക്രെട്ടറിയുമായ റോണാ റിബെയ്‌റോയെയും കൂടെയുണ്ടായിരുന്ന ട്രാക്ക് വോളന്റിയേഴ്സിനെയും കെ സി ബി സി പ്രൊലൈഫ് സമിതി അഭിനന്ദിക്കുന്നു .ഇത്തരം മനുഷ്യസ്നേഹികളെ പ്രോത്സാഹിപ്പിക്കുവാൻ ഏവരും തയ്യാറാവണം അതോടൊപ്പം ഓരോരുത്തരും ഇത്തരം മനോഭാവത്തോടെ മുന്നിട്ടിറങ്ങണം.
കൂട്ടിരുപ്പുകാരില്ലാത്തതിനാൽ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് പണം ലഭിക്കില്ല എന്നുള്ള സംശയം മൂലമാണ്. ഇതിനു പരിഹാരം കണ്ടെത്തുവാനും സമഗ്രമായ നിയമനിര്മാണത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനും ഉള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു കെ സി ബി സി പ്രൊലൈഫ് സമിതി ഡയറക്ടർ ഫാദർ പോൾ മാടശ്ശേരി, പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട്, ജനറൽ സെക്രട്ടറി സാബുജോസ്, ട്രെഷറർ അഡ്വക്കേറ്റ് ജോസി സേവ്യർ, വൈസ് പ്രസിഡണ്ട്മാരായ ജെയിംസ് ആഴ്‌ചങ്ങാടൻ, യുഗേഷ് തോമസ് പുളിക്കൻ സെക്രട്ടറിമാരായ സെലസ്റ്റിൻ ജോൺ, സാലു ഏബ്രഹാം മേച്ചേരിൽ, മാർട്ടിൻ ജെ ന്യുനസ്, റോണാ റിബെയ്‌റോ, അനിമേറ്റർ സിസ്റ്റർ മേരി ജോർജ് എന്നിവർ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.
