India - 2025

ഫാത്തിമയില്‍ നിന്നുള്ള തിരുസ്വരൂപത്തിന് മൗണ്ട് സെന്റ് തോമസില്‍ മെത്രാന്മാര്‍ സ്വീകരണം നല്‍കി

സ്വന്തം ലേഖകന്‍ 12-08-2017 - Saturday

കൊച്ചി: യൂറോപ്പിലെ പോര്‍ച്ചുഗലില്‍ ഫാത്തിമയില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എത്തിയ തിരുസ്വരൂപം, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ സ്വീകരിച്ചു.

നാലു ദിവസമായി മൗണ്ട് സെന്റ് തോമസില്‍ നടന്നുവന്നിരുന്ന വാര്‍ഷിക ധ്യാനത്തിന്റെ സമാപനവേളയിലാണ് പോര്‍ച്ചുഗലില്‍നിന്നും ഫാത്തിമ സെന്റിനറി സെലിബ്രേഷന്‍ കമ്മറ്റിയുടെ (എഫ്.സി.സി.സി) നേതൃത്വത്തില്‍ വിമാനമാര്‍ഗം കൊണ്ടുവന്ന തിരുസ്വരൂപം എത്തിച്ചേര്‍ന്നത്. മാതൃസ്തുതികളുടെയും പ്രാര്‍ത്ഥനകളുടെയും അകമ്പടിയില്‍ ദേവാലയത്തിലേക്ക് തിരുസ്വരൂപം ആനയിച്ചു.

കേരളത്തിലെ മെത്രാപ്പോലീത്തമാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തില്‍ കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം തിരുസ്വരൂപം വെഞ്ചരിച്ചു. എല്ലാ മെത്രാന്മാരും മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു.

സമൂഹത്തില്‍ സമാധാനവും പരസ്‌നേഹ മനോഭാവവും കുടുംബങ്ങളില്‍ വിശ്വാസചൈതന്യവും വളര്‍ത്താന്‍ ഫാത്തിമ സന്ദേശയാത്രാ പ്രയാണം വഴി സാധിക്കട്ടെയെന്ന് ആര്‍ച്ച്ബിഷപ്പ് സൂസപാക്യം പ്രതീക്ഷ പ്രകടിപ്പിച്ചു.

1917 മെയ് 13-നാണ് ഫാത്തിമയില്‍ കോവ ദ ഈറിയ എന്ന സ്ഥലത്ത് ആടുമേയിച്ചിരുന്ന ലൂസി, ജസീന്താ ഫ്രാന്‍സിസ് എന്നീ കുട്ടികള്‍ക്ക് ആറുതവണ പ്രത്യക്ഷപ്പെട്ട് മാതാവ് സ്വര്‍ഗ്ഗീയ സന്ദേശം നല്‍കിയതിന്റെ ശതാബ്ദിയാഘോഷം കത്തോലിക്കാ സഭയില്‍ ലോകമെങ്ങും നടക്കുന്നു. കേരളത്തില്‍ കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്

നാളെ രാവിലെ ഈ തിരുസ്വരൂപം ഇരിങ്ങാലക്കുട രൂപതയിലെ ആളൂരിലെ ലുമെന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന ലോകമലയാളി കരിസ്മാറ്റിക് സംഗമവേദിയില്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് പ്രതിഷ്ഠിക്കും. കരിസ്മാറ്റിക് സുവര്‍ണ്ണജൂബിലിയുടെ സമ്മേളനത്തിന്റെ സമാപനത്തില്‍ ഈ തിരുസ്വരൂപം, കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് സൂസപാക്യം, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് മുണ്ടയ്ക്കലിന് കൈമാറും.

ആഗസ്റ്റ് 15-ാം തീയതി ആരംഭിക്കുന്ന ഫാത്തിമ സന്ദേശയാത്ര 2017 ഒക്‌ടോബര്‍ 28-ന് വല്ലാര്‍പാടം ബസിലിക്കയില്‍ സമാപിക്കും. ആഗസ്റ്റ് 16-ാം തീയതി മാഹി സെന്റ് തെരേസാസ് ദേവാലയത്തില്‍ സന്ദേശയാത്രാ ടീം അംഗങ്ങള്‍ പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ 5 മണിക്ക് എത്തിച്ചേരും. പ്രഥമ ഇടവകാതല സ്വീകരണം തളിപ്പറമ്പില്‍ നടക്കും.

തുടര്‍ച്ചയായി 76 ദിവസങ്ങളില്‍ കേരളത്തിലെ മൂന്നു റീത്തുകളിലെ അറുനൂറോളം കത്തോലിക്കാ പള്ളികളില്‍ ഫാത്തിമ സന്ദേശയാത്രാ ടീം തിരുസ്വരൂപവുമായി എത്തിച്ചേരും. കേരളത്തിലെ 31 രൂപതകളിലെ 24 സോണുകളില്‍ രൂപീകരിച്ച ഫാത്തിമ സെന്റിനറി സെലിബ്രേഷന്‍ കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഓരോ ദിവസവും 6 മുതല്‍ 12 വരെ ഇടവക പള്ളികള്‍ സന്ദര്‍ശിക്കും.

ധ്യാനകേന്ദ്രങ്ങള്‍, കത്തീഡ്രലുകള്‍, ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. എല്ലാ ദിവസവും രാത്രിയില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കുന്നു. പിറ്റേദിവസം രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണ് ജാഗരണ പ്രാര്‍ത്ഥന സമാപിക്കുന്നത്. യാത്രയില്‍ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ അതാതുദിവസം ജാഗരണ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് നേര്‍ച്ചക്കാഴ്ചകള്‍ അര്‍പ്പിക്കാനും, ഭക്തവസ്തുക്കളും മരിയന്‍ ഗ്രന്ഥങ്ങളും വാങ്ങുവാന്‍ സഹായകരമായ മൊബൈല്‍ ബുക്ക്സ്റ്റാളും സന്ദേശയാത്രയോടൊപ്പം ഉണ്ടാകും.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ക്ലിമിസ് മാര്‍ ബസേലിയോസ്, കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. സൂസപാക്യം എന്നിവര്‍ മുഖ്യരക്ഷാധികാരികളും കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് രക്ഷാധികാരിയുമായുള്ള സമിതിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. ജോസ് പാലാട്ടി, ഫാ. ജോസ് പുതിയേടത്ത്, സെബാസ്റ്റ്യന്‍ താന്നിക്കല്‍, സാബു ജോസ്, എം.എ. ജോപ്പന്‍, ഷിജു ജോസഫ് തുടങ്ങിയവര്‍ ഫാത്തിമ സന്ദേശയാത്രയ്ക്കു നേതൃത്വം നല്‍കുന്നു.


Related Articles »