India - 2025
ബിഷപ്പ് അലോഷ്യസ് ബെന്‍സിഗര്‍ സ്വര്‍ഗം നല്‍കിയ ഇടയശുശ്രൂഷകന്‍: കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ
സ്വന്തം ലേഖകന്‍ 18-08-2017 - Friday
തിരുവനന്തപുരം: കാലഘട്ടത്തിനു ദിശാബോധം നല്‍കുന്നതിനു സ്വര്‍ഗം നല്‍കിയ ഇടയശുശ്രൂഷകനായിരിന്നു അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ആര്‍ച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ ഒസിഡിയെന്ന്‍ സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ആര്‍ച്ച് ബിഷപ് ഡോ. ബെന്‍സിഗറിന്റെ 75ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികള്‍ കാര്‍മല്‍ഹില്‍ ആശ്രമദേവാലയത്തോടു ചേര്‍ന്നുള്ള മൗണ്ട് കാര്‍മല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ദ്ദിനാള്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പു താന്‍ ആര്‍ച്ച് ബിഷപ് ഡോ. ബെന്‍സിഗറിന്റെ കബറിടത്തില്‍ വന്നു പ്രാര്‍ത്ഥിച്ചതിനുശേഷമാണു വത്തിക്കാനിലേക്കു പുറപ്പെട്ടതെന്നും കര്‍ദ്ദിനാള്‍ സ്മരിച്ചു.
ആര്‍ച്ച് ബിഷപ് ബെന്‍സിഗറിന്റെ വിശുദ്ധിയുടെ ആരംഭം കുടുംബത്തില്‍ നിന്നായിരുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് എം.സൂസപാക്യം പറഞ്ഞു. കുടുംബത്തില് നിന്നു ലഭിച്ച ചൈതന്യമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്.പ്രാര്‍ത്ഥനയിലൂടെ അദ്ദേഹം ജീവിതത്തെ വിശുദ്ധീകരിച്ചുവെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ലാളിത്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പകര്‍ന്നു നല്‍കിയതെന്ന് ചടങ്ങില്‍ പ്രസംഗിച്ച ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു.
സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. ബെന്‍സിഗറിനെക്കുറിച്ച് റവ.ഡോ.സഖറിയാസ് കരിയിലക്കുളം ഒസിഡി രചിച്ച പുസ്തകം കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിനു നല്‍കി പ്രകാശനം ചെയ്തു.
ഒസിഡി മലബാര്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് സ്വാഗതം ആശംസിച്ചു. കോട്ടാര്‍ ബിഷപ് എമിറിറ്റസ് ഡോ.പീറ്റര്‍ റെമിജിയൂസ്, പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ.ജൊഹാനസ് ഗോരന്റല ഒസിഡി, റവ.ഡോ. ജെറോം ദാസ് എസ്ഡിബി, ഫാ.അഗസ്റ്റിന്‍ പുന്നോലില്‍ ഒസിഡി, സിസ്റ്റര്‍ ടെല്‍മ മണിക്കനാംപറമ്പില്‍ എച്ച്‌സി, സിസ്റ്റര്‍ സജിതമേരി, സിസ്റ്റര്‍ ഗൈല്‍സ് എന്നിവര്‍ പങ്കെടുത്തു.
