India - 2025

സമര്‍പ്പിത ജീവിതം കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു ശരിയായ പ്രത്യുത്തരം നല്‍കുന്നതാവണം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 26-08-2017 - Saturday

കൊച്ചി: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു ശരിയായ പ്രത്യുത്തരം നല്‍കുന്നതാവണം സമര്‍പ്പിത ജീവിതമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭയുടെ സിനഡിന്റെയും വിവിധ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ക്കൊത്തു ക്രിസ്തീയ ദര്‍ശനങ്ങളിലുള്ള ശക്തമായ സാക്ഷ്യം കാലഘട്ടം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. സങ്കീര്‍ണമായ വര്‍ത്തമാന കാലഘട്ടത്തില്‍ വിശ്വാസ, അജപാലന മേഖലകള്‍ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സീറോ മലബാര്‍ റിലീജിയസ് കമ്മീഷനാണു (എസ്എംആര്‍സി) സമ്മേളനം ഏകോപിപ്പിച്ചത്. സഭയില്‍ നേതൃത്വ ശുശ്രൂഷയിലുള്ള എല്ലാവരും ക്രിസ്തുവിന്റെ ദൗത്യത്തില്‍ പങ്കുചേരുന്നവരാണെന്നു കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. സഭയിലെ ഒരംഗത്തിനുണ്ടാകുന്ന വീഴ്ച സഭയുടെ പൊതുവായ വീഴ്ചയായി വായിക്കുന്ന പുതിയ കാലഘട്ടത്തില്‍, ശുശ്രൂഷാജീവിതത്തില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറന്പില്‍, എസ്എംആര്‍സി പ്രസിഡന്റ് ഫാ. ജോയ് കൊളങ്ങാടന്‍, സെക്രട്ടറിമാരായ ഫാ. ഷാബിന്‍ കാരക്കുന്നേല്‍, സിസ്റ്റര്‍ ബെറ്റി ലൂയിസ്, എന്നിവര്‍ പ്രസംഗിച്ചു.


Related Articles »