India - 2025
പ്രാര്‍ത്ഥനയുടെ ചൈതന്യം നമ്മെ ദൈവഭവനത്തില്‍ എത്തിക്കുമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സ്വന്തം ലേഖകന്‍ 04-09-2017 - Monday
ചാലക്കുടി: പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ ദൈവത്തിലാണെന്നും പ്രാര്‍ത്ഥനയുടെ ചൈതന്യം നമ്മെ ദൈവഭവനത്തില്‍ എത്തിക്കുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പഞ്ചദിന മരിയോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ പരിവര്‍ത്തനമാണു ക്രൈസ്തവ ജീവിതം. ജീവിക്കുന്ന തിരുക്കുടുംബമായി ഓരോ കുടുംബവും മാറണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്‌ബോധിപ്പിച്ചു.
കുടുംബ സംവിധാനം ദൈവത്താല്‍ മഹത്വവത്കരിക്കപ്പെട്ട ദൈവികതയാണ്. അതുകൊണ്ടാണു ദൈവപുത്രന്‍ കുടുംബത്തില്‍തന്നെ മനുഷ്യനായി പിറന്നത്. കുടുംബങ്ങളുടെ കുടുംബമാണു സഭ. സഭയുടെ അമ്മയാണു പരിശുദ്ധ ദൈവമാതാവ്. തിരുക്കുടുംബത്തിന്റെ കാവല്‍ക്കാരനായിരുന്ന യൗസേപ്പിതാവിനെപോലെയുള്ള കുടുംബനാഥന്മാരാകാന്‍ കഴിയണം. പരിശുദ്ധ അമ്മയെപോലെ ജീവിക്കാനും കുടുംബത്തിന്റെ ചൈതന്യം മറ്റുള്ളവരിലേക്കു പകരാനും സാധിക്കണം.
പ്രാര്‍ത്ഥനയുടെ ചൈതന്യം നമ്മെ ദൈവഭവനത്തില്‍ എത്തിക്കും. പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ ദൈവത്തിലാണ്. 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം എന്നില്‍ നിറവേറട്ടെ' എന്ന, പരിശുദ്ധ അമ്മയുടെ വാക്കുകള്‍ നാം എന്നും ഓര്‍ക്കണം. ഓരോരുത്തരും ദൈവത്തിന്റെ ആലയമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ സ്വാഗതം ആശംസിച്ചു. മാതാവിന്റെ ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ നൂറാംവാര്‍ഷികം പ്രമാണിച്ചു നടത്തുന്ന മരിയോത്സവത്തില്‍ ഫാത്തിമയില്‍ നിന്നു കൊണ്ടുവന്ന, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിച്ച ശുശ്രൂഷയില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ജപമാല പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. മരിയോത്സവം എട്ടിനു സമാപിക്കും.
