India - 2025

രാഷ്ട്രത്തെ അപകടത്തിലേക്ക് നയിക്കുന്ന ശക്തികളെ ഒരുമിച്ചു തടയണമെന്നു ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 06-09-2017 - Wednesday

തിരുവല്ല: രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും മതസാഹോദര്യത്തെയും അപകടത്തിലാക്കുന്ന ഛിദ്രശക്തികള്‍ രാജ്യത്തു വര്‍ദ്ധിച്ചുവരുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചുനിന്നു തടയണമെന്ന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മാര്‍ത്തോമ്മാസഭ ത്രിദിന പ്രതിനിധി മണ്ഡലം യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സര്‍ക്കാരിന്റെ ചെയ്തികളുടെ വിഴുപ്പലക്കല്‍ മാത്രമാണു പലപ്പോഴും കേരളത്തില്‍ കണ്ടുവരുന്നതെന്നും എല്ലാം ശരിയാക്കാമെന്നു പ്രഖ്യാപിച്ചു ജനങ്ങളുടെ ഉറച്ച പിന്തുണയില്‍ അധികാരത്തിലെത്തിയവര്‍ പോലും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കുകയാണെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

അക്രമരാഹിത്യത്തിന്റെ സമരമാര്‍ഗത്തിലൂടെ നേടിയ സ്വാതന്ത്ര്യം നിതാന്ത ജാഗ്രതയോടെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഭാരതീയനുമുണ്ട്. എന്നാല്‍, അക്രമ രാഷ്ട്രീയം നാടിന്റെ മഹത്തായ ശോഭ തന്നെ കെടുത്തിക്കളയുന്നു. ഇതിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഒരുമിച്ച് തടയണം. മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയും സഭയിലെ മറ്റു ബിഷപ്പുമാരും യോഗത്തില്‍ പങ്കെടുത്തു. ക്രിസ്ത്യന്‍ കോണ്ഫെറന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറി ഡോ.മാത്യൂസ് ജോര്‍ജ് ചുനക്കര ധ്യാനപ്രസംഗം നടത്തി. സഭയിലെ സജീവ സേവനത്തില്‍നിന്നു വിരമിച്ച വൈദികരെ ഇന്ന് ആദരിക്കും. 2017 20 കാലഘട്ടത്തിലേക്കുള്ള സഭാ സെക്രട്ടറി, വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി എന്നിവരുടെ തെരഞ്ഞെടുപ്പും മണ്ഡലം യോഗത്തില്‍ നടക്കും.


Related Articles »