News

മദര്‍ തെരേസയുടെ നാമധേയത്തിലുള്ള ലോകത്തെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയത്തിന്റെ സമര്‍പ്പണം നടന്നു

സ്വന്തം ലേഖകന്‍ 06-09-2017 - Wednesday

പ്രിസ്റ്റീന, കൊസോവ: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയത്തിന്റെ സമര്‍പ്പണം നടന്നു. കൊസോവയിലെ പ്രിസ്റ്റീനയിലാണ് അഗതികളുടെ അമ്മയുടെ പേരില്‍ കത്തീഡ്രല്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധയുടെ ഇരുപതാമത് ചരമവാര്‍ഷികദിനമായ സെപ്തംബര്‍ 5-നാണ് സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്.

ഫ്രാന്‍സിസ് പാപ്പായുടെ പ്രതിനിധിയായി മദര്‍ തെരേസയുടെ ജന്മദേശമായ അല്‍ബേനിയയില്‍ ജനിച്ച കര്‍ദ്ദിനാള്‍ സിമോണി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ സംബന്ധിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശിക മെത്രാന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, സൈനികര്‍ ഉള്‍പ്പെടെ ഏതാണ്ട് 5000-ത്തോളം ആളുകള്‍ സമര്‍പ്പണചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊസോവയിലെ മുന്‍ പ്രസിഡന്റായ ഇബ്രാഹിം റുഗോവയാണ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 2005-ല്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭത്തില്‍ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരിന്നു. കോസൊവോയിലായിരുന്നു മദര്‍ തെരേസ മാതാപിതാക്കളോടൊത്തു ചെറുപ്പത്തില്‍ താമസിച്ചിരുന്നത്.

പ്രിസ്റ്റീനയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കത്തീഡ്രല്‍ ദേവാലയം കൊസോവയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം കൂടിയാണ്. 250 അടിയാണ് ദേവാലയത്തിന്റെ മണിമാളികയുടെ ഉയരം. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വഴിയാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനോടകം തന്നെ കൊസോവയിലെ കത്തോലിക്ക വിശ്വാസികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ദേവാലയം.


Related Articles »