India - 2025

മാര്‍ ക്രിസോസ്റ്റമിന്റെ ജന്മശതാബ്ദി: സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തി

സ്വന്തം ലേഖകന്‍ 07-09-2017 - Thursday

തിരുവല്ല: മാര്‍ത്തോമ്മാ സഭ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റ് അവതരിപ്പിച്ചു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ ജന്മശതാബ്ദിയുടെ ഭാഗമായി വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി ഒരു കോടിരൂപയും ഭവനരഹിതര്‍ക്ക് ഒരു കോടി രൂപയും പ്രത്യേക ഭവനദാന പദ്ധതിക്കായി 25 ലക്ഷം രൂപയും സഭയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷവും കേരളത്തിനു പുറത്ത് ആരംഭിച്ച ബാലവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷവും വകകൊള്ളിച്ചിട്ടുണ്ട്.

ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ 80ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സ്‌നേഹകരം പദ്ധതിക്കായി 70 ലക്ഷം രൂപയും പുനരധിവാസവും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ചു ലക്ഷം രൂപയും ലഹരി വിമോചന പദ്ധതിക്കായി അഞ്ചു ലക്ഷം രൂപയും ഭദ്രാസന സുവിശേഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പിന്നോക്കവിഭാഗക്ഷേമ പ്രവര്‍ത്തനത്തിനായി 14 ലക്ഷം രൂപയും സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തി.

പ്രൈമറി സ്‌കൂളുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂള്‍ അധിഷ്ഠിത കൗണ്‍സലിംഗ് പരിപാടിക്കുമായി ഏഴു ലക്ഷം രൂപയും പ്രകൃതി ദുരന്ത പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷവും വിവാഹ സഹായ ഫണ്ടിലേക്ക് ആറു ലക്ഷവും വകയിരുത്തി.

വൈദിക വിദ്യാര്‍ഥികളുടെ പഠനത്തിനായി 40 ലക്ഷവും ചര്‍ച്ച് അനിമേഷന്‍ സെന്ററിനായി 15 ലക്ഷവും സഭാ മ്യൂസിയം, റഫറന്‍സ് ലൈബ്രറി ഇന്റര്‍നെറ്റ്, മലങ്കര ദര്‍ശന്‍ ചാനല്‍ എന്നിവയ്ക്ക് 37 ലക്ഷവും കരിയര്‍ഗൈഡന്‍സ് പ്രോഗ്രാം മൂന്നു ലക്ഷവും സൗരോര്‍ജ്ജ പദ്ധതിക്കായി പത്തു ലക്ഷവും പട്ടക്കാരുടെ ആരോഗ്യപരിപാലനത്തിനായി ഒരു കോടി 20 ലക്ഷവും ഇവരുടെ പെന്‍ഷന്‍ പദ്ധതിക്കായി രണ്ടുകോടി 25 ലക്ഷവും കുറ്റാലം റിട്രീറ്റ് ഹോമിനുവേണ്ടി ഒരു കോടി 50 ലക്ഷവും വെല്ലൂര്‍ ഗൈഡന്‍സ് സെന്ററിനുവേണ്ടി ഒരു കോടിയും പഴയ പുലാത്തീന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷവും ബജറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

മാര്‍ത്തോമ്മാ സഭയ്ക്ക് 1,16,36,98,082 വരവും 39,09,90,000 രൂപ ചെലവും 77,27, 08,082 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് സഭാ പ്രതിനിധി മണ്ഡലത്തിലെ അല്മായ ട്രസ്റ്റി പ്രകാശ് പി. തോമസാണ് അവതരിപ്പിച്ചത്. ഇന്നു രാവിലെ സഭാ സെക്രട്ടറി, വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് നടക്കും.


Related Articles »