India - 2025

അമേരിക്കയിലെ സീറോമലങ്കര കത്തോലിക്കാസഭയെ ഭദ്രാസന പദവിയിലേക്ക് ഉയര്‍ത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരവ്

സ്വന്തം ലേഖകന്‍ 05-01-2016 - Tuesday

അമേരിക്കന്‍ ഐക്യനാടുകളിലെയും കാനഡയിലെയും സീറോമലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്കായി ഭദ്രാസനം (എപ്പാര്‍ക്കി) ആരംഭിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ഉത്തരവ് നല്‍കി. പ്രസ്തുത രൂപതയുടെ പ്രഥമ ഭരണസാരഥിയായി ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പിലിനെ നാമനിര്‍ദ്ദേശം ചെയ്തതായി വത്തിക്കാന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെയാണ് ഇതുസംബന്ധിച്ച പാപ്പായുടെ നിര്‍ദ്ദേശണ്ടായത്. സമാധാനരാജ്ഞിയായ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള പുതിയ രൂപതയുടെ ആസ്ഥാനം ന്യുയോര്‍ക്കിലെ എല്‍മണ്ടിലുള്ള വിശുദ്ധ വിന്‍സെന്‍റ് ഡി പോളിന്‍റെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ കത്തീട്രല്‍ ആണ്.

അമേരിക്കന്‍ ഐക്യനാടുകളിലെ സീറോമലങ്കരകത്തോലിക്കാ വിശ്വാസികള്‍ക്കായുള്ള അതിരൂപതകളുടെ അധികാരപരിധി കാനഡയിലെ സീറോമലങ്കര കത്തോലിക്കാ വിശ്വാസികളിലേക്കും വ്യാപിപ്പിക്കുന്ന നടപടിയുടെ ഭാഗമായാണ് പുതിയ രൂപതയുടെ ആരംഭം.

പുതിയ നേതൃത്വത്തിന് നിയമിതനായ ബിഷപ്പ് തോമസ് മാര്‍ എവുസേബിയസ് നായിക്കമ്പറമ്പില്‍, അമേരിക്കന്‍ ഐക്യനാടുകളില്‍ മലങ്കര സഭാനേതൃത്വത്തിന്‍റെ തലവനായും, കാനഡയിലേയും യൂറോപ്പിലേയും മലങ്കരകത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രതിനിധിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു .

തിരുവനന്തപുരം ജില്ലയിലെ മയിലപ്പാറയില്‍ 1961 ജൂണ്‍ 6 ന് ജനിച്ച അദ്ദേഹം, 1986 ഡിസമ്പര്‍ 29 ന് പൗരോഹിത്യം സ്വീകരിച്ചു. 2010 ജൂലൈ 14 ന് അദ്ദേഹം ലാറെസ് രൂപതയുടെ മെത്രാനായും, പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ മലങ്കരരൂപതകളുടെ തലവനായും നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.

പുതിയ രൂപതയിലെ മലങ്കരകത്തോലിക്കാ വിശ്വാസികളു‍ടെ സംഖ്യ പതിനായിരത്തിന് മുകളില്‍വരുമെന്നും ഇവര്‍ 19 ഇടവകകളോ ആത്മീയകേന്ദ്രങ്ങളോ ആയി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നും 'റേഡിയോ വത്തിക്കാന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

More Archives >>

Page 1 of 1