News - 2025
സര്‍ക്കാരും മാധ്യമങ്ങളും ഫാ. ടോമിനെ മറന്നപ്പോള്‍ #SaveFrTom സോഷ്യല്‍മീഡിയായില്‍ ആളിക്കത്തി
സ്വന്തം ലേഖകന്‍ 12-09-2017 - Tuesday
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തില്‍ യെമനിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് നടന്ന ആക്രമണവും ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനവും ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈദികന്റെ മോചനത്തിനായി സര്‍ക്കാര്‍ ശ്രമം നടക്കുന്നുവെന്ന് അന്നു മുതല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ഇതിനിടെ ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മീശയും താടിയും മുടിയും നീട്ടി വളര്‍ത്തിയ ഫോട്ടോ പ്രത്യക്ഷപ്പെട്ടു. ഈ അക്കൗണ്ടിലേക്കു സന്ദേശമയച്ചപ്പോൾ വൈദികനെ മർദിക്കുന്ന വീഡിയോയുടെ ലിങ്കാണ് ലഭിച്ചത്. തുടർന്ന് പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്‍ചര്‍ച്ചയ്ക്കാണ് വഴി തെളിയിച്ചത്. ഇതു സര്‍ക്കാരിന് നല്‍കിയ സമ്മര്‍ദ്ധം ചെറുതല്ലായിരിന്നു.
പക്ഷേ പുതിയ വാര്‍ത്തകള്‍ തേടിയുള്ള മാധ്യമങ്ങളുടെ ജൈത്രയാത്ര സര്‍ക്കാരിനാണ് സഹായമായത്. പലരും വിഷയം മറന്നു തുടങ്ങിയിരിന്നു. സഭാപ്രതിനിധികള്‍ രാഷ്ട്രീയനേതാക്കന്‍മാരെ കൂടെക്കൂടെ കണ്ടെങ്കിലും വൈദികന്റെ മോചനം വാക്കില്‍ മാത്രം ഒതുങ്ങി. പ്രതീക്ഷ കൈവിടാതെ അനേകര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. ഭീകരര്‍ തട്ടിക്കൊണ്ട് പോയി 9 മാസങ്ങള്‍ക്ക് ശേഷം മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തി കൊണ്ടാണ് ഫാ. ടോം ഉഴുന്നാലിന്റെ അടുത്ത വീഡിയോ കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്നത്.
"ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക". ഇതായിരിന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. നിറകണ്ണുകളോടെയാണ് ലോകം വൈദികന്റെ അപേക്ഷ ശ്രവിച്ചത്. എന്നിരിന്നാലും സര്‍ക്കാര്‍ ഭാഗത്തു നിന്നു കാര്യമായ പ്രതികരണം ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിശബ്ദതതേയും അധികാരികളുടെ നിസംഗതയേയും ചൂണ്ടിക്കാണിച്ചു കൊണ്ട് 'ടോം അച്ചന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം' എന്ന എഡിറ്റോറിയല്‍ 'പ്രവാചകശബ്ദം' പബ്ലിഷ് ചെയ്തത്. #SaveFrTom എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും കവര്‍ചിത്രം മാറ്റി ഫാദര്‍ ടോമിന്റെ മോചനത്തിന് വേണ്ടി മുറവിളി കൂട്ടേണ്ടതിനെ പറ്റിയും ദൈവം നല്‍കിയ ബോധ്യത്തിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ എഴുതി. വൈദികരും സന്യസ്ഥരും അല്‍മായരും അടക്കം പതിനായിരങ്ങളാണ് ഈ ആഹ്വാനം ഏറ്റെടുത്തത്.
ഇതോടൊപ്പം വൈദികന്റെ മോചനത്തിനായി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും change.org വഴി 'പ്രവാചകശബ്ദം' തയാറാക്കിയ നിവേദനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാല്‍ലക്ഷത്തോളം ആളുകളാണ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. മാധ്യമങ്ങളും ജനപ്രതിനിധികളും ഫാ. ടോമിന്റെ കാര്യത്തിൽ മൗനം പൂണ്ടപ്പോൾ #SaveFrTom ഹാഷ് ടാഗ് സോഷ്യൽ മീഡിയായില്‍ ആളിക്കത്തി. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമാണ് രംഗത്തു വന്നത്. ഒടുവില്‍ സര്‍വ്വശക്തനായ ദൈവം ലക്ഷകണക്കിനു വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്കു ഉത്തരം നല്‍കിയിരിക്കുന്നു. ഫാ. ടോം മോചിതനായിരിക്കുന്നു. ദൈവത്തിനു നമ്മുക്ക് നന്ദി പറയാം.
"ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?" (ജറെ 32: 27)
