India - 2025
വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍ ദേവാലയത്തില്‍ തീപിടിത്തം
സ്വന്തം ലേഖകന്‍ 06-10-2017 - Friday
കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍ ദേവാലയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ പള്ളിയുടെ മുഖ്യകവാടവും ഗ്രോട്ടും കത്തി നശിച്ചു. രാത്രി ഒന്പതരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് കാരണമോ പള്ളിക്ക് മുന്നില്‍ കത്തിച്ചുവച്ച മെഴുകുതിരികളില്‍ നിന്നോ തീപിടിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. പള്ളിയുടെ പ്രാര്‍ത്ഥനഹാളിന്റെ അടിഭാഗത്തെ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്. തീപിടിത്തത്തില്‍ കല്‍ക്കുരിശിനു സമീപത്തെ ചെറുരൂപങ്ങളും സി.സി.ടിവിയും ഒന്നര ലക്ഷം രൂപ വിലയുള്ള എല്‍.ഇ.ഡി സ്?ക്രീനും ടി.വിയും അലങ്കാര ഗ്ലാസുകളും കത്തിനശിച്ചു. തേക്കില്‍ തീര്‍ത്ത ഭാഗങ്ങള്‍ കത്തിയിട്ടുണ്ട്.
ബാല്‍ക്കണിയില്‍ പുകയും തീയും ഉയര്‍ന്നതിനാല്‍ തീയണക്കാന്‍ പ്രയാസമായി. ഹോസ്?റ്റല്‍ വിദ്യാര്‍ഥികളും വൈദികരും സന്ന്യാസിനികളും നാട്ടുകാരോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനെത്തി. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. പത്തരയോടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയത്. താഴത്തെ ഹാളില്‍ തീ പടര്‍ന്നതില്‍ സിസിടിവി ക്യാമറകളും കത്തിനശിച്ചിട്ടുണ്ട്. നാളെ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ അഗ്‌നിബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ സാധിക്കൂവെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 19നായിരുന്നു പള്ളി വെഞ്ചരിപ്പ്.
