India - 2025
മിഷന്‍ലീഗ് മിഷന് കലോത്സവം: പാലാ രൂപത ജേതാക്കള്‍
സ്വന്തം ലേഖകന്‍ 13-11-2017 - Monday
മൂവാറ്റുപുഴ: നിര്‍മല കോളജില്‍ നടന്ന ചെറുപുഷ്പ മിഷന്‍ലീഗ് മിഷന് കലോത്സവത്തില്‍ പാലാ രൂപത ജേതാക്കള്‍. 448 പോയിന്റ്മായാണ് പാലാ രൂപതാ ഒന്നാമതെത്തിയത്. ഇന്നലെ രാവിലെ ഒന്‍പതിന് മിഷന്‍ലീഗ് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കുട്ടം പതാക ഉയര്‍ത്തിയതോടെയാണ് കലോത്സവത്തിന് തുടക്കമായത്. കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍. റവ.ഡോ.ജോര്‍ജ് ഓലിയപ്പുറം കലോത്സവം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഡയറക്ടര്‍ ഫാ.ജോബി പൂച്ചൂക്കണ്ട ത്തില്‍ സ്വാഗതം പറഞ്ഞു. 11 രൂപതകളില്‍ നിന്നുള്ള മിഷന്‍ലീഗ് അംഗങ്ങളാണ് കലോത്സവത്തില്പങ്കെടുത്തത്.
വ്യക്തിഗത ഇനത്തില്‍ പാലാ, കോതമംഗലം, മാനന്തവാടി, താമരശേരി, തലശേരി രൂപതകളും സാഹിത്യ മത്സരങ്ങളില്‍ താമരശേരി, മാനന്തവാടി, തലശേരി, ഇടുക്കി രൂപതകളും മുന്നിലെത്തി. കലോത്സവത്തില്‍ പാലാ, കോതമംഗലം, തലശേരി രൂപതകള്‍ യഥാക്രമം ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങള്‍ നേടി. ഓവറോള്‍ പ്രകടനത്തില്‍ പാലാ രൂപതാ ഒന്നാം സ്ഥാനവും മാനന്തവാടി, താമരശേരി രൂപതകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും നേടി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഫാ.ജോബി പൂച്ചൂക്കണ്ടത്തില്‍, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, രൂപതാ ഡയറക്ടര്‍ ഫാ.ജോസഫ് കല്ലറയ്ക്കല്‍, പ്രസിഡന്റ് ഡോണ്‍ പ്ലാക്കുട്ടത്തില്‍, റീജണല്‍ ഓര്‍ഗനൈസര്‍ ഷിബു മഠം, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, അരുണ്‍ പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.