Faith And Reason

യേശുക്രിസ്തു ഇന്നും ജീവിക്കുന്നു: തളര്‍ന്നുകിടന്നിരുന്ന ബാലൻ യേശുനാമത്തിൽ സുഖംപ്രാപിച്ച് എഴുന്നേറ്റു നടന്നു

സ്വന്തം ലേഖകന്‍ 11-01-2018 - Thursday

'യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന സത്യ ദൈവമാണ്' എന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി ചെറുതും വലുതുമായ അത്ഭുതങ്ങളും രോഗശാന്തികളുമാണ് ഓരോ കരിസ്മാറ്റിക് കൺവെൻഷനിലും സംഭവിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ വച്ച്, തളർന്നു കിടന്നിരുന്ന ഒരു കുട്ടി സുഖം പ്രാപിച്ചു എഴുന്നേറ്റ് നടന്നത് ലോകത്തെ അതിശയിപ്പിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ച അവസ്ഥയിൽ വാഹനത്തിൽ കിടത്തിയാണ് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലുള്ള ചാൾസ് ജോസഫ് എന്ന കുട്ടിയെ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ എത്തിച്ചത്. കഴിഞ്ഞ ഡിസംബർ 9 ശനിയാഴ്ച, ഫാ. സേവ്യർഖാൻ വട്ടായിൽ നയിച്ച ഏകദിന കൺവെൻഷൻ മധ്യേ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞുകൊണ്ട് വിശ്വാസികൾ ഒന്നുചേർന്ന് ദൈവത്തെ സ്തുതിച്ചപ്പോൾ ഈ കുട്ടി കിടക്കയിൽ നിന്നും അത്ഭുതകരമായി സുഖം പ്രാപിച്ച് എഴുന്നേറ്റു നടന്നു. ഈ കൺവെൻഷനിൽ പങ്കെടുത്തു ഈ സംഭവത്തിനു ദൃക്സാക്ഷികളായ നിരവധി വ്യക്തികൾ സോഷ്യൽ മീഡിയയിലൂടെ ഇത് സാക്ഷ്യപ്പെടുത്തുന്നു.

കോട്ടയം മെഡിക്കൽ കോളേജ് അടക്കമുള്ള നിരവധി പ്രശസ്തമായ ഹോസ്പിറ്റലുകളിൽ വിദഗ്ധ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടാകാത്ത അവസ്ഥയിൽ ഒരു കരിസ്മാറ്റിക് കൺവെൻഷനിൽ പങ്കെടുത്ത് പ്രാർത്ഥിക്കുവാൻ ഈ കുട്ടിയുടെ മാതാപിതാക്കളെ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിക്കുകയായിരുന്നു. അങ്ങനെയാണ് അവർ ഈ കുട്ടിയേയുമായി സെഹിയോൻ ധ്യാനകേന്ദ്രത്തിലെത്തിയത്. അവിടെ നടന്ന അത്ഭുതവും, അതിനേപ്പറ്റി ആ കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പലും, ക്ലാസ് ടീച്ചറും, മാനേജ്‌മെന്റ് സ്റ്റാഫും വിവരിക്കുന്നതും താഴെക്കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണാം

ദൈവമായ യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഈ ഭൂമിയിലൂടെ മനുഷ്യനായി സഞ്ചരിച്ചുകൊണ്ട് ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതായി സുവിശേഷത്തിൽ നാം കാണുന്നു. ദൈവീകശക്തി പ്രകടമാക്കുന്ന ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും തുടർന്നു കൊണ്ടുപോകുവാൻ അവിടുന്ന് തന്റെ ശിഷ്യന്മാരെ ചുമതലപ്പെടുത്തുന്നതും സുവിശേഷത്തിൽ നമുക്ക് കാണാം (മത്താ 10:8). യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ആദിമസഭയിൽ മരിച്ചവരെ ഉയിർപ്പിക്കുന്ന അത്ഭുതങ്ങൾ നടന്നിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു (അപ്പ 20:7-12).

തുടർന്ന് സഭയുടെ ചരിത്രത്തിലും ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിച്ചിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മരിച്ചവരെപ്പോലും ഉയിർപ്പിച്ച അനേകം വിശുദ്ധർ സഭയുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു. ഈ അത്ഭുതങ്ങളുടെ തുടർച്ചയാണ് ഇന്നും നമ്മുക്കിടയിൽ സംഭവിക്കുന്ന ഇത്തരം അത്ഭുതങ്ങളും രോഗശാന്തികളും. എന്തെന്നാൽ യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവർത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും" (യോഹ 14:12).

കേവലം ബലഹീനരായ മനുഷ്യരിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ ഒരു സത്യം ലോകത്തോട് പ്രഘോഷിക്കുന്നു...
"യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെയാണെന്നും; ഈ ലോകത്തു മനുഷ്യന്റെ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല എന്നുമുള്ള മാറ്റമില്ലാത്ത വലിയ സത്യം" ‍


Related Articles »