India - 2025

ഇടയന്മാര്‍ ഒരേസമയം അജഗണത്തിന്റെയും ദൈവത്തിന്റെയും ഗന്ധം അറിയണം: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്

സ്വന്തം ലേഖകന്‍ 06-02-2018 - Tuesday

ബംഗളൂരു: ഇടയന്മാര്‍ ഒരേസമയം തങ്ങളുടെ അജഗണങ്ങളുടെയും ദൈവത്തിന്റെയും ഗന്ധം അറിയണമെന്നു മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ)യുടെ മുപ്പതാമത് പ്ലീനറി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് ഇന്ത്യയെയും ഇന്ത്യക്ക് സഭയെയും ആവശ്യമാണെന്നും പൂര്‍ണ്ണമായ ഭാരതീയനും പൂര്‍ണ്ണമായ ക്രൈസ്തവനുമാകാന്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

സുവിശേഷ മൂല്യങ്ങള്‍ ആനുകാലിക സമൂഹത്തിന് നല്‍കുകയും, ഒപ്പം ആ മൂല്യങ്ങള്‍ സുവിശേഷവത്കരണത്തിന്റെ ഭാഗമാണെന്നു ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും അവരെ പ്രേരിപ്പിക്കുകയുമാണു നമ്മുടെ കര്‍ത്തവ്യം. അതുവഴി അഴിമതി തുടച്ചുനീക്കപ്പെടുകയും സുവിശേഷമൂല്യങ്ങള്‍, സത്യം, നീതി, നിസ്വാര്‍ത്ഥത എന്നിവ വ്യാപിപ്പിക്കുകയും ആദിവാസി ചൂഷണവും ദളിതരുടെ മേലുള്ള അടിച്ചമര്‍ത്തലും തുടച്ചുനീക്കപ്പെടുകയും ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.

കര്‍ദിനാള്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സിസിബിഐ വൈസ് പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് അന്തോണിസാമി സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജനറല്‍ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ കൃതജ്ഞതയര്‍പ്പിച്ചു. രാജ്യത്തെ ലത്തീന്‍ സഭാസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളാണ് ഏകദിന പ്ലീനറി സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തത്.

അതേസമയം അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വനിതാ യുവജനക്ഷേമം, മാധ്യമം, വിശ്വാസം, ഗോത്രക്ഷേമകാര്യം, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യും. ഈ വിഷയങ്ങളില്‍ സിബിസിഐയുടെ വിവിധ കമ്മിറ്റികള്‍ 2016- 2018 കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണു ചര്‍ച്ച. ചര്‍ച്ചകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തകുളങ്ങര നേതൃത്വം നല്കും. ഇതോടൊപ്പം സമാധാനം, നീതി, വികസനം, ആരോഗ്യരക്ഷ, തൊഴില്‍ തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കും. ആര്‍ച്ച്ബിഷപ്പ് ജോണ്‍ മൂളച്ചിറ ചര്‍ച്ചകള്‍ നയിക്കും.


Related Articles »