India - 2025

ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യനായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ 27-04-2018 - Friday

കൊച്ചി: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി പ്രഖ്യാപനം ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്സ്റ പള്ളിയില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ധന്യപദവി പ്രഖ്യാപനശേഷം നടന്ന കൃതജ്ഞതാ ദിവ്യബലിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. പയ്യപ്പിള്ളിയുടെ വീരോചിതമായ പുണ്യങ്ങളില്‍ കരുണ സുപ്രധാനമായിരുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു.

ആന്തരികമായ മനുഷ്യന്റെ വളര്‍ച്ചയ്ക്കാണ് അദ്ദേഹം പ്രാമുഖ്യം നല്‍കിയത്. ധന്യന്റെ വീരോചിത സുകൃതങ്ങള്‍ പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ജീവിതത്തില്‍ അനുകരിക്കുന്നതിനും ഇടയാകണം. ഫാ. പയ്യപ്പിള്ളി സ്ഥാപിച്ച എസ്ഡി സന്യാസിനി സമൂഹത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനശൈലിയിലും സഭയൊന്നാകെ അഭിമാനിക്കുന്നു. ധന്യനെപ്പോലെ സ്‌നേഹം, ആനന്ദം, ക്ഷമ, സൗമ്യത, ആത്മസംയമനം എന്നീ പുണ്യങ്ങളില്‍ നാം വളരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. സന്തോഷിക്കുന്നവര്‍ക്കൊപ്പം സന്തോഷിക്കാനും ദുഃഖിക്കുന്നവര്‍ക്കൊപ്പം ദുഃഖിക്കാനുമുള്ള ആത്മീയ ചൈതന്യം കുടുംബങ്ങളില്‍ രൂപപ്പെടുത്തണം. ജീവിതത്തിലെ വിശുദ്ധി സമഹത്തിലേക്കു കൂടി പടര്‍ത്തുന്‌പോഴാണു നമ്മുടെ സാക്ഷ്യം അര്‍ഥപൂര്‍ണമാകുന്നതെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍,എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മികരായി. പള്ളിയിലെ ധന്യന്റെ കബറിടത്തിനു മുന്പില്‍ നടന്ന പ്രത്യേക പ്രാര്‍ഥനാശുശ്രൂഷയ്ക്കു ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് നേതൃത്വം നല്‍കി.

പൊതുസമ്മേളനം കര്‍ദ്ദിനാള്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കാഞ്ഞൂര്‍ ഫൊറോന വികാരി റവ. ഡോ. വര്‍ഗീസ് പൊട്ടയ്ക്കല്‍, എസ്ഡി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍, പോസ്റ്റുലേറ്റര്‍മാരായ സിസ്റ്റര്‍ ഗ്രേസ് കൂവയില്‍, സിസ്റ്റര്‍ റോസ് ലിന്‍ ഇലവനാല്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി.കെ. പീറ്റര്‍, കോന്തുരുത്തി ഇടവക ഫാമിലി യൂണിയന്‍ വൈസ് ചെയര്‍മാന്‍ ജോസഫ് സെബാസ്റ്റ്യന്‍, പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി ഫാമിലി അസോസിയേഷന്‍ രക്ഷാധികാരി ടോമി പാലയ്ക്കാപ്പിള്ളി, സിസ്റ്റര്‍ സുമ, തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു. കഴിഞ്ഞ പതിനാലാം തീയതിയാണ് ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യനായി ഉയര്‍ത്താനുള്ള ഔദ്യോഗികരേഖയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ചത്.

More Archives >>

Page 1 of 157