Faith And Reason - 2025
“ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു, നിങ്ങളും ദൈവത്തെ സ്നേഹിക്കണം”: അവാര്‍ഡ് വേദിയില്‍ വീണ്ടും ക്രിസ് പ്രാറ്റ്
സ്വന്തം ലേഖകന്‍ 14-08-2018 - Tuesday
ലോസ് ഏഞ്ചലസ്: അമേരിക്കയിലെ ലോസ് ഏഞ്ചലസില്‍ നടന്ന ടീന്‍ ചോയിസ് അവാര്‍ഡ് വേദിയില്‍ തന്റെ ദൈവ വിശ്വാസം വീണ്ടും പരസ്യമായി പ്രഘോഷിച്ച് സുപ്രസിദ്ധ ഹോളിവുഡ് നടന്‍ ക്രിസ് പ്രാറ്റ്. ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു, നിങ്ങളും ദൈവത്തെ സ്നേഹിക്കണമെന്നാണ് താരം വേദിയില്‍ നിന്നു കാണികളോട് പറഞ്ഞത്. 'ഞാന്‍ ഇപ്പോള്‍ ഒരു കൗമാരക്കാരനല്ലെങ്കിലും, ഈ വേദിയില്‍ നില്‍ക്കുവാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്' എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച ക്രിസ് പ്രാറ്റ് സന്ദേശത്തില്‍ തന്റെ ദൈവ വിശ്വാസം തുറന്നുപ്രകടിപ്പിക്കുകയായിരിന്നു.
"ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു, നിങ്ങളും അതുപോലെ ചെയ്യൂ" എന്ന് ‘ചോയിസ് സമ്മര്‍ മൂവി ആക്ടര്‍’ അവാര്‍ഡ് സ്വീകരിച്ചതിനു ശേഷം ക്രിസ് പ്രാറ്റ് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണ് യുവസമൂഹം സ്വീകരിച്ചത്. തന്റെ ദൈവവിശ്വാസമാണ് തന്റെ നേട്ടങ്ങള്‍ക്ക് കാരണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് യുവജനങ്ങള്‍ ദൈവ വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ പ്രോത്സാഹനം നല്‍കുവാനും അദ്ദേഹം മറന്നില്ല. ഇതുപോലെ യുവാക്കള്‍ തിങ്ങിനിറയുന്ന വേദിയിലെല്ലാം തന്നെ താന്‍ ദൈവത്തോട് നന്ദി പറയാറുണ്ടെന്നും, തന്റെ ക്രിസ്തീയ വിശ്വാസം വെളിപ്പെടുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജുറാസിക്ക് വേള്‍ഡ്’ എന്ന ഹിറ്റ് സിനിമയിലൂടെ പ്രസിദ്ധനായ ക്രിസ് പ്രാറ്റിന്റെ പ്രചോദനാത്മകമായ പ്രസംഗം ശ്രോതാക്കളുടെ മനം കവരുന്നതായിരുന്നുവെന്നു അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു മുന്‍പും നിരവധി പൊതുവേദികളില്‍ തന്റെ ദൈവവിശ്വാസം ക്രിസ് പ്രാറ്റ് പരസ്യമായി പ്രഘോഷിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ നടന്ന ‘MTV ജനറേഷന്‍ അവാര്‍ഡ്’ നിശയില്‍വച്ച് ഒരു നല്ല ജീവിതത്തിനു വേണ്ട തന്റെ 9 നിയമങ്ങളെ കുറിച്ച് ക്രിസ് പ്രാറ്റ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരിന്നു. കഴിഞ്ഞ വാരത്തില്‍ 'യേശു നിന്നെ സ്നേഹിക്കുന്നു' എന്ന വാചകം ടീ ഷര്‍ട്ടില്‍ രേഖപ്പെടുത്തിക്കൊണ്ട് നടന്നു പോകുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ അതിവേഗമാണ് പ്രചരിച്ചത്.
