News - 2025

സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1ന്

സ്വന്തം ലേഖകന്‍ 30-08-2018 - Thursday

വത്തിക്കാന്‍ സിറ്റി: സൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള നാലാമത് ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1 ശനിയാഴ്ച നടക്കും. ഇതര ക്രൈസ്തവ സഭകളുടെയും, സന്ന്യാസ സഭാസമൂഹങ്ങളുടെയും, മറ്റു സന്നദ്ധ സംഘടന കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് കത്തോലിക്ക സഭ ആഗോള പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം സെപ്തംബര്‍ 1നു ആചരിക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തിരിന്നു.

ഭൂമിയുടെ പരമപ്രധാനമായ സമ്പത്തായി ജലം സംരക്ഷിക്കണമെന്നും അത് സകലര്‍ക്കുമായി നീതിയോടെ പങ്കുവയ്ക്കണമെന്നും സന്ദേശത്തില്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ദൈവീക സൃഷ്ടികളുടെ സംരക്ഷണത്തിനായി പ്രാര്‍ത്ഥനാ ദിനം പ്രത്യേകം ആചരിക്കുന്ന പതിവ് 1989-ല്‍ ഓര്‍ത്തഡോക്‌സ് സഭയാണ് ആരംഭിച്ചത്. 2015 ആഗസ്റ്റ് ആറാം തീയതി കത്തോലിക്ക സഭയും വിവിധ സഭകളോട് ചേര്‍ന്ന് ഈ ദിനം ആചരിക്കണമെന്ന പ്രത്യേക നിര്‍ദ്ദേശം ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുകയായിരുന്നു.


Related Articles »