News - 2025

പ്രവാചക ശബ്ദത്തിലെ പഴയ ലേഖനങ്ങള്‍ കണ്ടെത്താന്‍ സംവിധാനം

സ്വന്തം ലേഖകന്‍ 30-10-2018 - Tuesday

“അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുര മുകളില്‍ നിന്ന് ഘോഷിക്കുവിന്‍” (മത്തായി 10:27) എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ചുകൊണ്ടും അതിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തി കൊണ്ടും മലയാള ക്രൈസ്തവ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ മാറിയ 'പ്രവാചക ശബ്ദം' പ്രവര്‍ത്തനം ആരംഭിച്ചിട്ട് മൂന്നു വര്‍ഷവും മൂന്നു മാസവും പിന്നിടുന്നു. ലക്ഷക്കണക്കിന്‌ ആളുകളിലേക്ക് ദിനംപ്രതി സുവിശേഷത്തിന്‍റെ സന്ദേശമെത്തിക്കുന്ന പ്രവാചക ശബ്ദത്തില്‍ പുതിയ ഒരു മെനു സെക്ഷന്‍ കൂടി ആരംഭിച്ചിരിക്കുന്ന കാര്യം ഏവരെയും സന്തോഷത്തോടെ അറിയിക്കട്ടെ. പഴയ ലേഖനങ്ങളും വാര്‍ത്തകളും തരംതിരിച്ച് നിരീക്ഷിക്കുവാനും വായിക്കുവാനുമുള്ള 'ആര്‍ക്കൈവ്സ്' സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.

വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ സംവിധാനം പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാചക ശബ്ദത്തിന്റെ മെനു സെക്ഷനിലെ ആര്‍ക്കൈവ്സ് സെക്ഷനില്‍ ന്യൂസ്, ഇന്ത്യ, എഡിറ്റേഴ്സ് പിക്ക്, വീഡിയോസ്, ലൈഫ് ഇന്‍ ക്രൈസ്റ്റ്, സോഷ്യല്‍ മീഡിയ, ഫെയിത്ത് ആന്‍ഡ് റീസന്‍, യൂത്ത് സോണ്‍, ക്വസ്റ്റ്യന്‍ ആന്‍ഡ് ആന്‍സ്വേര്‍സ്, ചാരിറ്റി, ആര്‍ട്ട്സ്, നേഴ്സസ് സ്റ്റേഷന്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇവയില്‍ ഏത് സെക്ഷന്‍ ക്ലിക്ക് ചെയ്താലും ആ സെക്ഷനില്‍ പബ്ലിഷ് ചെയ്ത സകല ലേഖനങ്ങളും ലഭ്യമാകും. ആദ്യത്തെ പേജില്‍ 20 ലേഖനങ്ങളാണ് പ്രത്യക്ഷപ്പെടുക. ഏറ്റവും താഴെ അടുത്ത പേജിലേക്ക് പോകാന്‍ നമ്പര്‍ സീരിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിശ്വാസ വളര്‍ച്ചയ്ക്ക് ഉതകുന്ന വാര്‍ത്തകളും ഈടുറ്റ ലേഖനങ്ങളും ഇനി വിരല്‍ഞൊടിയില്‍ പ്രവാചകശബ്ദത്തില്‍ നിന്നു കണ്ടെത്താന്‍ ഈ സംവിധാനം വായനക്കാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന നമ്മുടെ കര്‍ത്താവിന്‍റെ ആഹ്വാനമനുസരിച്ച്‌ ഈ സുവിശേഷവേല കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമല്ലോ.


Related Articles »