India - 2025
x
സ്വന്തം ലേഖകന്‍ 08-11-2018 - Thursday
പാലാ: എഴുപത്തിയഞ്ചു വയസും അധ്യാപനത്തിന്റെ അരനൂറ്റാണ്ടും പിന്നിടുന്ന എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പാലാ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. സിറിയക് തോമസിനെ ഇന്നലെ പാലായില്‍ നടന്ന സമ്മേളനത്തില്‍ ആദരിച്ചു. ഇന്നലെ വൈകുന്നേരം പാലാ കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.
സേവനത്തിനും ശുശ്രൂഷയ്ക്കും വേണ്ടിയുള്ളതാണ് അധികാരമെന്ന് ഡോ. സിറിയക് തോമസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുവെന്നു കര്‍ദിനാള്‍ പറഞ്ഞു. വളരാനും വളര്‍ത്താനുമായി ദൈവം നല്‍കിയ ദാനമാണ് അധികാരമെന്നാണു പുതിയ നിര്‍വചനമെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഉള്ളില്‍നിന്നു പഠിപ്പിക്കുന്ന ഡോ.സിറിയക് തോമസ് അധ്യാപക ലോകത്തെ ഒരു ഐക്കണ്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.സിറിയക് തോമസ് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മോണ്‍. ജോസഫ് കൊല്ലംപറന്പില്‍ പ്രാര്‍ഥന നടത്തി. ഡോ. കെ.കെ. ജോസ് സ്വാഗതം പറഞ്ഞു. ഡോ. റൂബിള്‍രാജ് പുസ്തക പരിചയവും ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. ഡോ.എ.ടി.ദേവസ്യ, ജോര്‍ജ് കുളങ്ങര, അഡ്വ.സത്യരത്‌നകുമാര്‍, പ്രഫ. സി.ജെ.സെബാസ്റ്റ്യന്‍, ജോര്‍ജ് സി. കാപ്പന്‍, ഡോ.ടി.എം. ജോര്‍ജ്, രവി പാലാ, ഡോ.എം.വി. ജോര്‍ജുകുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
