News - 2025

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: ക്രെെസ്തവര്‍ക്ക് വോട്ട് നിഷേധിച്ചു

സ്വന്തം ലേഖകന്‍ 01-12-2018 - Saturday

ഭോപ്പാല്‍: നവംബർ ഇരുപത്തെട്ടാം തീയതി മധ്യപ്രദേശിലെ ഇരുനൂറ്റിമുപ്പത് നിയമസഭ മണ്‌ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ ക്രെെസ്തവരെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലായെന്ന് ഗുരുതര ആരോപണം. പൗരന്റെ അവകാശമായ സമ്മതിദാനം നിഷേധിക്കപ്പട്ടവരിൽ ഭോപ്പാലിലെ ബിഷപ്പ് ലീയോ കൊർണേലിയോയും ഉൾപ്പെടുന്നു. മുക്കാൽ മണിക്കൂറോളം കാത്തു നിന്നിട്ടും തന്നെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലായെന്ന് ബിഷപ്പ് കൊർണേലിയോ 'ഏഷ്യാ ന്യൂസ്' എന്ന മാധ്യമത്തോടു പറഞ്ഞു.

തന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു എന്നാണ് ആദ്യം കരുതിയിരുന്നത്. എങ്കിലും അനേകം ന്യൂനപക്ഷ വിഭാഗക്കാരുടെ പേരുകളും പട്ടികയിൽ നിന്നും നീക്കം ചെയ്തതായി അറിഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ഇടപെടലുകള്‍ ജനാധിപത്യത്തിന് നല്ല സൂചനയല്ല നൽകുന്നതെന്ന് ബിഷപ്പ് പിന്നീട് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി വോട്ടിൽ ചോർച്ചയുണ്ടാക്കാൻ ഇടപെടൽ നടത്തിയിട്ടുണ്ടോയെന്നാണ് സംസ്ഥാനത്തെ ക്രെെസ്തവ നേതൃത്വം സംശയിക്കുന്നത്. അതേസമയം സമ്മതിദാന അവകാശം നിഷേധിച്ചതിനെതിരെ ഇലക്ഷൻ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിഷപ്പ് ലീയോ കൊർണേലിയോ.


Related Articles »