News
മാര്‍പാപ്പയില്‍ നിന്ന് ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഏറ്റുവാങ്ങിയത് മലയാളി ഡീക്കന്‍
സ്വന്തം ലേഖകന്‍ 27-12-2018 - Thursday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൈയില്‍ നിന്ന് ഉണ്ണിയേശുവിന്റെ തിരുസ്വരൂപം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചതു നെയ്യാറ്റിന്‍കര രൂപതാംഗമായ ഡീക്കന്. ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന പാതിരാ കുര്‍ബാന മധ്യേ ഫ്രാന്‍സിസ് മാര്‍പാപ്പ ആശീര്‍വദിച്ച തിരുസ്വരൂപം ഏറ്റുവാങ്ങി പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനുളള അപൂര്‍വ ഭാഗ്യമാണ് മലയാളിയായ ഡീക്കന്‍ അനുരാജിനു ലഭിച്ചത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരയ്ക്കു മുന്നില്‍ നിര്‍മിച്ച പുല്‍ക്കൂട്ടിലാണ്, ഫ്രാന്‍സിസ് മാര്‍പാപ്പ ചുംബനം നല്‍കിയ ശേഷം കൈമാറിയ തിരുസ്വരൂപം അനുരാജ് പ്രതിഷ്ഠിച്ചത്. ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത അനുഗ്രഹ നിമിഷങ്ങളിലൂടെയാണ് താന്‍ കടന്ന് പോയതെന്ന് അനുരാജ് പറഞ്ഞു. വൈദികവിദ്യാര്‍ഥിയും നെയ്യാറ്റിന്‍കര രൂപതയിലെ വ്‌ളാത്താങ്കര സ്വര്‍ഗാരോപിതമാതാ ദേവാലയ അംഗവുമായ അനുരാജ് അഞ്ചു വര്‍ഷമായി റോമില്‍ ഉപരിപഠനം നടത്തിവരുന്നു. മോറല്‍ തിയോളജിയില്‍ രണ്ടാം വര്‍ഷ ലൈസന്‍ഷ്യേറ്റ് ചെയ്തു വരികയാണ്. വ്‌ളാത്താങ്കര സ്വദേശികളായ രാജേന്ദ്രന്‍ ലളിത ദന്പതികളുടെ മൂന്നു മക്കളില്‍ മൂത്തയാളാണ് അനുരാജ്.
