News
പോളിഷ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം
സ്വന്തം ലേഖകന്‍ 04-01-2019 - Friday
വാര്‍സോ: ദക്ഷിണ പോളണ്ടിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ബ്ലാക്ക് മഡോണ മരിയൻ തീർത്ഥാടന കേന്ദ്രം കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ചത് നാൽപ്പത്തിമൂന്നു ലക്ഷം തീർത്ഥാടകർ. പോളണ്ടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മാത്രം എട്ടുലക്ഷത്തിമുപ്പത്തിനാലായിരം തീർത്ഥാടകർ വിവിധ സംഘങ്ങളായി തീർത്ഥാടന കേന്ദ്രത്തിൽ എത്തി. കാൽനടയായി മാത്രം ഒരു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം ആളുകൾ എത്തിയതായി തീർത്ഥാടന കേന്ദ്രത്തിന്റെ മാധ്യമവിഭാഗം ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ദീർഘദൂരം ഓടിയെത്തിയവരെയും, കുതിരപ്പുറത്ത് എത്തിയ തീർത്ഥാടകരെയും, ബൈക്കുകളിൽ എത്തിച്ചേർന്നവരെയും തീർത്ഥാടന കേന്ദ്രത്തിൽ സ്വീകരിച്ചു.
ജർമ്മനിയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് രാജ്യത്തുനിന്ന് പുറത്തുനിന്നെത്തിയ തീർത്ഥാടകരിൽ മുന്നിൽ നിൽക്കുന്നത്. പിന്നാലെ ഇറ്റലിയും മൂന്നാമതായി അമേരിക്കയുമാണ്. ബ്രിട്ടൻ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും, മറ്റ് നിരവധി രാജ്യങ്ങളിൽ നിന്നും ഉള്ള ആയിരകണക്കിന് തീർത്ഥാടകർ ദൈവ മാതാവിന്റെ മധ്യസ്ഥം തേടാനായി പോളണ്ടിൽ എത്തിച്ചേർന്നുവെന്നതും ശ്രദ്ധേയമാണ്. പോളണ്ടിന് സ്വാതന്ത്രം കിട്ടിയ 123-മത് വാർഷിക ആഘോഷങ്ങളുടെ വേദിയും ബ്ലാക്ക് മഡോണ തീർത്ഥാടനകേന്ദ്രമായിരുന്നു. പോളിഷ് പ്രസിഡന്റ് ആന്‍ഡ്രേസ് ഡുഡയുടെ സാന്നിധ്യത്തിലായിരുന്നു അന്നു ആഘോഷങ്ങൾ അരങ്ങേറിയത്.
വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന ബ്ലാക്ക് മഡോണ ചിത്രം 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. റോമിന് പുറത്ത് ആദ്യമായി നടന്ന ആ ചടങ്ങില്‍ ഏതാണ്ട് 2,00,000-ത്തോളം വിശ്വാസികളാണ് അന്നു പങ്കെടുത്തത്.
സെസ്റ്റോചോവയിലെ 'ജസ്ന ഗോര' ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം തന്നെ പാസാക്കിയിരിന്നു. മറ്റ് പല യൂറോപ്യൻ രാജ്യങ്ങളും ക്രൈസ്തവ വിശ്വാസം കൈവിട്ടപ്പോൾ, തങ്ങളുടെ കത്തോലിക്കാ വിശ്വാസത്തെ മുറുകെ പിടിച്ചു മുന്നേറുന്ന രാജ്യമാണ് പോളണ്ട്.
