News - 2025
ലത്തീന്‍ മെത്രാന്‍ സംഘത്തിന്‍റെ ദേശീയ സംഗമം മഹാബലിപുരത്ത്
സ്വന്തം ലേഖകന്‍ 05-01-2019 - Saturday
മഹാബലിപുരം: ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ ദേശീയ സമ്പൂര്‍ണ്ണ സംഗമം തമിഴ്നാട്ടിലെ മഹാബലിപുരത്തു 8നു നടക്കും. ചെന്നൈ നഗരത്തില്‍നിന്നും നൂറു കിലോമീറ്റര്‍ അകലെയുള്ള മഹാബലിപുരത്തെ ജോ ആനിമേഷന്‍ സെന്‍ററില്‍ അപ്പസ്തോലിക സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജാന്‍ബത്തീസ്ത ദി ക്വാത്രോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹ ബലിയര്‍പ്പണത്തോടെ ആയിരിക്കും സമ്മേളനത്തിന് തുടക്കം കുറിക്കുക. ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അദ്ധ്യക്ഷത വഹിക്കും.
ഭാരതത്തിലെ ലത്തീന്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 14 കമ്മിഷനുകളുടെയും 3 പ്രധാനപ്പെട്ട വിഭാഗങ്ങളുടെയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ആദ്യദിനത്തില്‍ തന്നെ സമര്‍പ്പിക്കും. വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധരായ അജപാലകരുടെയും ദൈവശാസ്ത്രപണ്ഡിതരുടെയും സഹായത്തോടെ ബൈബളിള്‍, മതബോധനം, കാനോനനിയമവും മറ്റു സഭാ നിയമവശങ്ങളും, സഭൈക്യപ്രവര്‍ത്തനങ്ങള്‍, ദൈവവിളി, കുടുംബം, അല്‍മായര്‍, ആരാധനക്രമം, കുടിയേറ്റം, വചനപ്രഘോഷണം, സഭാനിയമങ്ങളും ദൈവശാസ്ത്രവും, സ്ത്രീകള്‍, യുവജനങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചകള്‍ നടത്തി കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കും. 14-വരെയാണ് സംഗമം നടക്കുക.