India - 2025
സീറോ മലബാര്‍ സഭയില്‍ മീഡിയ കമ്മീഷന്‍ രൂപീകരിച്ചു: മാര്‍ ജോസഫ് പാംപ്ലാനി ചെയര്‍മാന്‍
സ്വന്തം ലേഖകന്‍ 15-01-2019 - Tuesday
കൊച്ചി: സീറോ മലബാർ സഭയുടെ സ്ഥിരം സിനഡിൽ സഭയുടെ വിവിധ മാധ്യമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മീഡിയ കമ്മീഷന് രൂപം നൽകി. വാർത്ത വിനിമയ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങൾ പരിഗണിച്ചാണ് കമ്മീഷൻ രൂപീകരിച്ചിട്ടുള്ളത്. എല്ലാ രൂപതകളിലും മീഡിയ കമ്മീഷനുകൾ രൂപീകരിച്ചു സഭയുടെ മാധ്യമ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് കമ്മീഷനിലെ ദൗത്യം.
മീഡിയ കമ്മീഷൻ ചെയർമാനായി തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനിയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ. സമൂഹമാധ്യമങ്ങളിലൂടെ സഭ ആക്രമിക്കാൻ ചില തല്പരകക്ഷികൾ ബോധപൂർവം ശ്രമിക്കുന്നു എന്ന വസ്തുത സിനഡ് ചൂണ്ടിക്കാട്ടി. വിവരസാങ്കേതിക മേഖലയിൽ വിദഗ്ദ്ധരായ വിശ്വാസികൾ ഉൾപ്പെടുത്തി ഇത്തരം ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കുകയെന്നതും മീഡിയ കമ്മീഷന്റെ ലക്ഷ്യമാണ്.
മീഡിയ രംഗത്ത് സഭയെ കുറിച്ചുള്ള പരാമർശങ്ങൾ പരിശോധിക്കാൻ ആവശ്യമായ പ്രതികരണങ്ങൾ നൽകാനും മീഡിയ കമ്മീഷന്‍ നേതൃത്വം നല്‍കും.മംഗലപ്പുഴ സെമിനാരി കമ്മീഷൻ ചെയർമാനായി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിനെയും സിനഡ് തെരഞ്ഞെടുത്തിട്ടുണ്ട്. ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
