India - 2025
ദൈവദാസി സിസ്റ്റര്‍ ലിമയുടെ അനുസ്മരണം നടത്തി
30-01-2019 - Wednesday
കൊച്ചി: മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി സിസ്റ്റര്‍ ലിമയുടെ 161ാം അനുസ്മരണ സമ്മേളനം എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടത്തി. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണത്തിനു നേതൃത്വം നല്‍കിയ ശ്രേഷ്ഠ സന്യാസിനിയായിരുന്നു സിസ്റ്റര്‍ ലിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹ്യ നവോത്ഥാന മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു സിസ്റ്ററിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സിഎസ്എസ്ടി പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ക്രിസ്റ്റബെല്‍ അധ്യക്ഷത വഹിച്ചു. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണവും സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അനുസ്മരണ പ്രഭാഷണവും നടത്തി. മദറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം കൂവപ്പടി ബത്ലേഹം അഭയഭവന്‍ ഡയറക്ടര്‍ മേരി എസ്തപ്പാന് എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം ഡോ. എം.എസ്. മുരളി സമര്‍പ്പിച്ചു. കോളജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത, പ്രഫ. എം. തോമസ് മാത്യു, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ നീലിമ, പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സിസ്റ്റര്‍ മാജി എന്നിവര്‍ പ്രസംഗിച്ചു.